അയോധ്യ ചടങ്ങ് : ഭജനയ്ക്ക് നേതൃത്വം നൽകി സോനു നിഗമും, അനുരാധ പൗദ്വാളും, ശങ്കർ മഹാദേവനും

ഭക്തിസാന്ദ്രമായി അയോധ്യ ക്ഷേത്ര നഗരി. ഭജനകളും കീർത്തനങ്ങളാലും അയോധ്യ പ്രാർത്ഥനാമുഖരിതമായി. അയോധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രശസ്ത ഗായകരായ സോനു നിഗമും, അനുരാധ പൗദ്വാളും, ശങ്കർ മഹാദേവനുമാണ് ഭജനയ്ക്ക് നേതൃത്വം നൽകിയത്.
പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ സിനിമാ-സാംസ്‌കാരിക-കായിക രംഗത്ത് നിന്നുള്ള നിരവധി പേരാണ് എത്തിയത്. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം സച്ചിൻ തെൻഡുൽക്കർ ചടങ്ങിനെത്തി. അമിതാഭ് ബച്ചൻ ,ചിരഞ്ജീവി, രാം ചരൺ, മാധുരി ദിക്ഷിത്, രജനികാന്ത്, ധനുഷ്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ് രാജ് കുമാർ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീർ ജെയിൻ വിക്കി കൗശൽ, എന്നി താരങ്ങളാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് എത്തിയത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കലാകായിക പ്രതിഭകൾ എന്നിവരും അയോദ്ധ്യയിലെത്തിയിട്ടുണ്ട്.
പ്രാണപ്രതിഷ്ഠയ്ക്കായി ഒരുങ്ങിയിരിക്കുകയാണ് രാമക്ഷേത്രവും ക്ഷേത്രനഗരിയും. ഇന്ന് ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യ യജമാനൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ സമയത്ത് ശ്രീകോവിലിൽ ഉണ്ടാവുക. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികൾക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാൻ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.