തണുക്കാതെ മൂന്നാര്‍; കുറഞ്ഞ താപനില ഏഴ് ഡിഗ്രി
ഞ്ഞ് വീഴുന്ന താഴ്വാരമായ മൂന്നാറില്‍ ഇത്തവണ തണുപ്പത്ര പോര. കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം മൂന്നാറില്‍ തണുപ്പിനെ അകറ്റി നിർത്തുന്നുവെന്നാണ് സഞ്ചാരികളടക്കം പറയുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ കുറഞ്ഞ താപനില മൈനസ് ഒന്നില്‍ എത്തിയിരുന്നു. ഇപ്പോള്‍ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസാണ്. മുൻ വർഷങ്ങളില്‍ ജനുവരി തൊട്ട് പല ദിവസങ്ങളിലും മൈനസ് തൊടുന്ന അവസ്ഥയാണുണ്ടായിരുന്നത്.
മൂന്നാറിലെ സവിശേഷമായ തണുപ്പും മഞ്ഞുവീഴ്‌ചയും അനുഭവിക്കുന്നതിനായി വിനോദസഞ്ചാരികളും കൂടുതലായി എത്തിയിരുന്ന സമയം കൂടിയാണ് ഡിസംബർ-ജനുവരി മാസങ്ങള്‍. സമീപ പ്രദേശങ്ങളായ കുണ്ടള, ചിറ്റവര, എല്ലപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റുകളില്‍ കുറഞ്ഞ താപനില അഞ്ച് ഡിഗ്രി വരെ രേഖപ്പെടുത്തുന്നുണ്ട്. പകലില്‍ വെയില്‍ കനക്കുന്നതനുസരിച്ച് രാത്രിയില്‍ തണുപ്പ് അധികരിക്കുന്നതാണ് മുൻ കാലങ്ങളില്‍ കണ്ടുവന്നത്. എന്നാല്‍ ഇത്തവണ പകല്‍ ചൂട് കൂടിയിട്ടും തണുപ്പിന്റെ കാഠിന്യം വർധിക്കുന്നില്ല.
മഞ്ഞ് വീണ് പുല്‍ മേടുകളും തേയില തോട്ടങ്ങളും കരിഞ്ഞുണങ്ങുന്ന സമയമാണ്. നവംബറില്‍ ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനിക്കുന്ന ശൈത്യകാലത്തില്‍ ജനുവരിയിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതല്‍ എട്ടുവരെ മൂന്നാറിലെ കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയായിരുന്നു. കന്നിമല, പെരിയവര, ദേവികുളം, ലാക്കാട്, ഒ.ഡി.കെ, പാമ്ബാടുംചോല എന്നിവിടങ്ങളിലെല്ലാം വ്യാപകമായി മഞ്ഞുവീഴ്ചയും കഴിഞ്ഞ വർഷം ഉണ്ടായി. കനത്ത മഞ്ഞ് വീഴ്ച തേയില തോട്ടങ്ങള്‍ക്ക് വലിയ നഷ്ടങ്ങളുണ്ടാകും.