ഇടുക്കി മൂന്നാർ ടൗണിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി ഉണ്ടാകാത്തതിനെതിരെ പ്രതിഷേധം ശക്തം
തിരക്കേറുന്ന ദിവസങ്ങളിൽ മൂന്നാർ ടൗണിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ഇനിയും ശാശ്വത പരിഹാരമില്ല.കാൽനടയാത്രയും വാഹനയാത്രയും ഒരേ പോലെ ബുദ്ധിമുട്ടാണ്. സീസണാരംഭിച്ച് സഞ്ചാരികളുടെ വരവ് വർധിച്ചതോടെ വലിയ തിരക്ക് മൂന്നാർ ടൗണിൽ അനുഭവപ്പെടുന്നു. പ്രശ്ന പരിഹാരം കാണാൻ ഇടക്കിടെ യോഗങ്ങൾ ചേരുകയും ഗതാഗത കുരുക്കഴിക്കാൻ തീരുമാനങ്ങൾ കൈകൊള്ളുകയുമൊക്കെ ചെയ്യും. പക്ഷെ ഗതാഗത പരിഷ്കാരം നടപ്പാക്കാതെ വരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.ട്രാഫിക് അഡ്വൈസറി കമ്മറ്റി തീരുമാനങ്ങൾ ഏതാനും ദിവസങ്ങൾ മാത്രം പിൻതുടരുകയും പിന്നെയെല്ലാം പഴയപടിയാവുകയും ചെയ്യും. മൂന്നാറിലേക്ക് ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന സീസണാണ് വരാൻ പോകുന്നത്. തീരുമാനങ്ങൾ വിട്ടുവീഴ്ച്ചയില്ലാതെ നടപ്പിലാക്കിയില്ലെങ്കിൽ മൂന്നാർ ടൗണും പരിസരവും ഗതാഗതകുരുക്കിൽ വീർപ്പ് മുട്ടും.ഇത് വിനോദ സഞ്ചാരത്തിന് വലിയ തിരിച്ചടിയുമാകും.