‘മോദി ഗോ ബാക്ക്’; എറണാകുളം ലോ കോളജിൽ മോദിക്കെതിരെ കെഎസ്‌യുവിൻ്റെ പോസ്റ്റർ


എറണാകുളം ലോ കോളജിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെഎസ്‌യുവിൻ്റെ പോസ്റ്റർ. പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു കോളജിൽ പോസ്റ്റർ സ്ഥാപിച്ചത്. ‘മോദി ഗോ ബാക്ക്’ എന്നായിരുന്നു പോസ്റ്റർ. സംഭവത്തിൽ രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആദ്യം സ്ഥാപിച്ച ബാനർ പൊലീസ് അഴിച്ചു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റർ സ്ഥാപിച്ചത്. ഈ പോസ്റ്റർ മാറ്റണമെന്ന ആവശ്യവുമായി ബിജെപി പ്രവർത്തകർ രംഗത്തുവന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്.
പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള കെഎസ്‌യു പ്രവർത്തകരുടെ ശ്രമത്തിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു. ലോ കോളേജിനു മുൻപിൽ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
പ്രധാനമന്ത്രി നിലവിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തുടർന്ന് ഹെലികോപ്ടറിൽ ഏഴു മണിയോടെ നേവൽ ബേസ് എയർപോർട്ടിലേക്ക് തിരിച്ചു.