കൊച്ചിയിലെ റോഡ് ഷോയ്ക്ക് ശേഷം എക്സിൽ മലയാളത്തിലുള്ള കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി


കൊച്ചിയിലെ റോഡ് ഷോയ്ക്ക് ശേഷം എക്സിൽ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനായി. ചില കാഴ്ചകൾ പങ്കുവയ്ക്കുന്നു’, എന്നായിരുന്നു എക്സിൽ മോദിയുടെ മലയാളത്തിലുള്ള കുറിപ്പ്.
മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്നും ഗസ്റ്റ് ഹൗസ് വരെയായിരുന്നു നരേന്ദ്ര മോദിയുടെ റോഡ് ഷോ. മഹാരാജാസ് ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള റോഡിൻ്റെ ഇരുഭാഗത്തുമായി നിരവധി ബിജെപി പ്രവർത്തകരാണ് തടിച്ച് കൂടിയത്. മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും ബിജെപി പ്രവർത്തകർ മോദിയെ അഭിവാദ്യം ചെയ്തു. ഈ ചിത്രങ്ങൾ അടക്കം പങ്കുവച്ചായിരുന്നു മോദിയുടെ എക്സ് പോസ്റ്റ്.
നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് 6.50-നാണ് പ്രധാനമന്ത്രി എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകിയാണ് മോദിയെ സ്വീകരിച്ചത്. തുടർന്ന് ഏഴു മണിയോടെ ഹെലികോപ്ടറിൽ നേവൽ ബേസ് എയർപോർട്ടിലേക്ക് പോകുകയായിരുന്നു. അവിടെ നിന്നാണ് റോഡ് ഷോയ്ക്കായി മോദി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേയ്ക്ക് എത്തിച്ചേർന്നത്.
