മുല്ലപ്പെരിയാർ: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പുതിയ ഡാം നിർമ്മിക്കണം-മന്ത്രി റോഷി അഗസ്റ്റിൻ
തമിഴ്‌നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടുതന്നെ, 128 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പുതിയ ഡാം നിർമ്മിക്കണമെന്നതാണ് കേരള സർക്കാറിന്റെ ആവശ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ന്യൂഡൽഹി കേരള ഹൗസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തമിഴ്‌നാടും കേരളവും അയൽപക്ക സ്‌നേഹം മറന്നുപോവേണ്ട സംസ്ഥാനങ്ങളല്ലെന്ന് മന്ത്രി പറഞ്ഞു. തമിഴ്‌നാടിന് ആവശ്യമായ വെള്ളം ഉറപ്പാക്കി ഇരുസംസ്ഥാനങ്ങളും ആലോചിച്ച് നല്ല നിലയിൽ ഈ വിഷയം പരിഹരിക്കണം എന്നാണ് കേരളം ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയും പുതിയ ഡാം ഉണ്ടാവണമെന്ന നിലപാടാണ് നിയമസഭയിൽ പറഞ്ഞത്. പുതിയ ഡാമിന്റെ ഡിസൈനും പാരിസ്ഥിതിക ആഘാത പഠനവും പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.
മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് സമഗ്രമായ സുരക്ഷാ അവലോകനം നടത്തണമെന്ന ആവശ്യം നേരത്തെതന്നെ ഉന്നയിക്കപ്പെട്ടതാണ്. സമീപകാലങ്ങളിൽ ഈ ആവശ്യം കേരളം വീണ്ടും ഉയർത്തുകയുണ്ടായി. 2023 ഡിസംബർ എട്ടിനാണ് സുപ്രീംകോടതിയിൽ ഇങ്ങനെ ഒരു ആവശ്യം വീണ്ടും കേരളം ഉന്നയിച്ചത്. ലിബിയയിൽ ഡാം തകർന്നതിനെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പഴക്കം ചെന്ന ഡാമുകളെക്കുറിച്ച് പരാമർശിച്ചതാണ് ഇതിന് ആധാരമായ വിഷയം. 2022 ഏപ്രിൽ എട്ടിന് സൂപ്പർവൈസറി കമ്മിറ്റിയിൽ രണ്ട് ടെക്‌നിക്കൽ കമ്മിറ്റി അംഗങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതിയിൽ കേരളം ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ച് അഞ്ചംഗ സമിതി നിലവിൽ വന്നു. ആ ഘട്ടത്തിൽ സുരക്ഷയെ സംബന്ധിച്ച പുതിയ പഠനം നടത്താൻ സൂപ്പർവൈസറി കമ്മിറ്റിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. എന്നാൽ, പുതിയ പഠനം വേണമെന്ന 2022 മുതലുള്ള ആവശ്യത്തിലേക്ക് പൂർണമായി എത്തിച്ചേരാൻ സാധിച്ചില്ല. ഈ അവസരത്തിലാണ് ഈ വാർത്തയും ആശങ്കയും സുപ്രീംകോടതിയെ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് 2023 ഡിസംബർ 19ന് സെൻട്രൽ വാട്ടർ കമ്മീഷൻ, സുരക്ഷാ അവലോകനം നടത്തുന്നതിനായുള്ള ടേംസ് ഓഫ് റഫറൻസ് അന്തിമമാക്കാൻ തമിഴ്‌നാടിനോട് ആവശ്യപെട്ടത്. പീന്നീടാണ് 2024 ജനുവരി ഒമ്പതിന് ഇക്കാര്യങ്ങൾ ചോദ്യം ചെയ്ത് തമിഴ്‌നാട് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
സുപ്രീം കോടതിയും സൂപ്പർവൈസറി കമ്മിറ്റിയും നിർദേശിച്ച, ഡാമിന്റെ ബലപ്പെടുത്തൽ നടപടികൾക്ക് കേരളം ഒരു തടസ്സവും ഉന്നയിച്ചിട്ടില്ല. പകരം, ഇതിന് ആവശ്യമായ മുൻകൈ തമിഴ്‌നാട് സ്വീകരിക്കണമെന്നും അതോടൊപ്പം പുതിയ ഡാം വേണമെന്ന ആവശ്യം തത്വത്തിൽ അംഗീകരിച്ച്, പ്രസ്തുത ബലപ്പെടുത്തൽ പൂർത്തിയാക്കണമെന്നുമാണ് ജനസുരക്ഷയെ കണക്കിലെടുത്ത് കേരളം എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ കെ സിംഗ്, ചീഫ് എൻജീനീയർ ആർ പ്രിയേഷ് എന്നിവർ പങ്കെടുത്തു.