മൂലമറ്റം-കോട്ടമല റോഡ് : അവസാന റീച്ച് എന്ന് പൂര്‍ത്തിയാകും?


തൊടുപുഴ: മൂലമറ്റം-കോട്ടമല റോഡിന്‍റെ അവസാന റീച്ച് പൂര്‍ത്തീകരണത്തിനായി ജനങ്ങള്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എറണാകുളം-തേക്കടി സംസ്ഥാന പാതയുടെ ലിങ്ക് റോഡായ മൂലമറ്റം-കോട്ടമല റോഡിന് 10.3 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഈ റോഡിന്‍റെ എട്ടുകിലോമീറ്റര്‍ ഭാഗത്തെ ടാറിംഗ് നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു.
40 വര്‍ഷം മുന്പ് നിര്‍മാണം ആരംഭിച്ച റോഡാണിത്. ഇതിന്‍റെ നിര്‍മാണത്തിനായി പത്തുകോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. 2018-ലെ പ്രളയത്തില്‍ റോഡിന്‍റെ ഒരുഭാഗം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. ഇതേത്തുടര്‍ന്ന് ഏറെ നാളുകള്‍ താത്കാലിക പാലത്തിലൂടെയായിരുന്നു ജനങ്ങള്‍ അക്കരെഇക്കരെ കടന്നിരുന്നത്. തകര്‍ന്ന ഭാഗത്ത് സംരക്ഷണഭിത്തി കെട്ടി പിന്നീട് റോഡ് നിര്‍മിച്ചു. 1.75കോടിരൂപ ചെലവഴിച്ചാണ് ഏറ്റവുമൊടുവില്‍ റോഡിന്‍റെ നിര്‍മാണം നടത്തിയത്.
ജലന്ദര്‍, പൊട്ടൻപടി, ആശ്രമം, ചേറാടി, മേമുട്ടം, മുല്ലക്കാനം, ചക്കിമാലി, കപ്പക്കാനം, ഉറുന്പുള്ള് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ക്ക് മൂലമറ്റവുമായി ബന്ധപ്പെടാനുള്ള എളുപ്പവഴിയാണിത്. അവസാന രണ്ടുകിലോമീറ്റര്‍കൂടി പൂര്‍ത്തിയായാല്‍ ഉളൂപ്പൂണിവഴി കോട്ടമലയിലെത്താനാകും. ഇതിനുള്ള എസ്റ്റിമേറ്റ് കഴിഞ്ഞവര്‍ഷം തയാറാക്കിയിരുന്നു. രണ്ടുകോടിയോളം രൂപ ഇതിനു വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. മൂലമറ്റം-കോട്ടമല റോഡ് പൂര്‍ത്തിയായാല്‍ തൊടുപുഴയില്‍നിന്നു മൂലമറ്റം വഴി കുമളി, തേക്കടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനാകും.
40 കിലോമീറ്ററിന്‍റെ ലാഭം തേക്കടിക്കുള്ള യാത്രയില്‍ ഉണ്ടാകുമെന്നതാണ് ഈ റോഡിന്‍റെ പ്രധാന മെച്ചം. ഈ റോഡ് തുറന്നുകൊടുത്താല്‍ കാര്‍ഷിക, വ്യാപാര, ടൂറിസം മേഖലകളുടെ വികസനത്തില്‍ വൻ കുതിച്ചുചാട്ടമുണ്ടാകും. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ എളുപ്പത്തില്‍ തൊടുപുഴ, മൂലമറ്റം ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ എത്തിക്കാനാകും.
കഴിഞ്ഞ വര്‍ഷം ഇടുക്കി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആഭ്യന്തര-വിദേശ സഞ്ചാരികളുടെ അഭൂതപൂര്‍വമായ ഒഴുക്കാണുണ്ടായത്. ഈ റോഡ് പൂര്‍ത്തിയായാല്‍ സഞ്ചാരികളുടെ പ്രധാന പാതയായി ഇതു മാറും.
അറക്കുളം അശോകക്കവലയില്‍ നിന്നു മൂലമറ്റം കഐസ്‌ആര്‍ടിസി ജംഗ്ഷൻ വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടികളും ഇഴയുകയാണ്. ഈ റോഡ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയായാല്‍ കോട്ടമലയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം കൂടുതല്‍ സൗകര്യപ്രദമാകും.