ഗവര്‍ണര്‍ക്ക് പ്രതിബദ്ധതയില്ല: എം എം മണി
ജനത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തയാളായി ഗവർണർ മാറിയെന്ന് എം എം മണി എംഎൽഎ. രാജ്ഭവൻ മാർച്ചിന് മുന്നോടിയായി എൽഡിഎഫ് കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയേയും ജനത്തെയും വെല്ലുവിളിക്കുന്ന സമീപനമാണ് ഗവർണർക്ക്. ആർഎസ്എസിന്റെ റബർ സ്റ്റാമ്പായി പ്രവർത്തിക്കുന്നു. നിയമസഭ ഒന്നടങ്കം പാസാക്കിയ ബില്ലിൽ ഒപ്പുവയ്ക്കാത്തത് ജനവഞ്ചനയാണ്. യുഡിഎഫ് സർക്കാരുകൾ സങ്കീർണമാക്കിയ ഭൂപ്രശ്‌നം ഭൂനിയമ ഭേദഗതി ബില്ലിലൂടെ പരിഹരിക്കാനാകും. ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കാൻ ഗവർണർ തയ്യാറാകണം. അതേസമയം ഇടുക്കിയിലേക്ക് ഗവർണറെ ക്ഷണിച്ചിരിക്കുന്ന വ്യാപാര സംഘടന മാറി ചിന്തിക്കണം. വ്യാപാര സമൂഹം ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും എം എം മണി പറഞ്ഞു.
എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി ആർ ശശി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി വി ആർ സജി, നേതാക്കളായ ടോമി ജോർജ്, ഷിജോ തടത്തിൽ, ഷാജി കൂത്തോടി, രാജൻകുട്ടി മുതുകുളം, കെ ആർ രാജൻ, ഇ ആർ രവീന്ദ്രൻ ലൂയിസ് വേഴമ്പത്തോട്ടം, ടെസിൻ കളപ്പുര എന്നിവർ സംസാരിച്ചു.
ഇടുക്കിക്കവലയിൽനിന്ന് ഓപ്പൺസ്റ്റേഡിയത്തിലേക്ക് നടത്തിയ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.