Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വ്യാപാര സമൂഹം ജനങ്ങള്‍ക്കെതിരായ നീക്കങ്ങളില്‍നിന്ന് പിന്തിരിയണം: എല്‍ഡിഎഫ്




കട്ടപ്പന
കേന്ദ്രസർക്കാർ തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളും കാർഷിക പ്രതിസന്ധിയും മൂലം നിലനിൽപ്പിനും ജീവിതത്തിനും വേണ്ടി പോരാടുന്ന മലയോര ജനതക്കെതിരെയുള്ള ശത്രുതപരമായ നീക്കത്തിൽ നിന്ന് ജില്ലയിലെ വ്യാപാര സമൂഹം പിന്തിരിയണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭൂനിയമ ഭേദഗതിയിൽ ഗവർണർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് കുടിയേറ്റ ജനത രാജ്ഭവനിലേക്ക് മാർച്ച് ചെയ്യുന്ന ജനുവരി 9ന് തന്നെ ഗവർണറെ ഇടുക്കിയിൽ എത്തിക്കാനുള്ള വ്യാപാരി നേതൃത്വത്തിന്റെ തീരുമാനം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മലയോര ജനങ്ങളെ അപഹസിക്കാനും പുച്ഛിക്കാനുമുള്ള മുതലെടുപ്പ്‌ അവസരമായാണ്‌ ഗവർണറും ഇതിനെ കാണുന്നത്‌. ജനങ്ങളുടെ സഹകരണത്തിലും പിന്തുണയിലുമാണ് വ്യാപാര സമൂഹം വളർന്നുവന്നത്. അതേ ജനങ്ങളെ എതിർക്കുന്ന നിലപാട് അടിയന്തരമായി തിരുത്തപ്പെടേണ്ടതാണ്. ആർഎസ്എസിന്റെ രാഷ്ട്രീയ നിയന്ത്രണത്തിൽ നിറഞ്ഞതാടുകയും ഫെഡറൽ തത്വങ്ങളെ ലംഘിച്ച് സംസ്ഥാനത്തെ ജനാധിപത്യ ഭരണരീതിയെ ഏകാധിപത്യപരമായി അധീശത്വം കൊണ്ട് നേരിടുകയും ചെയ്യുന്ന ഗവർണറെ വ്യാപാരി നേതൃത്വം തന്നെ ഇടുക്കിയിലേയ്‌ക്ക്‌ ക്ഷണിച്ചുവരുത്തുന്നത് അപകടകരമായ നീക്കമാണ്. അറിഞ്ഞോ അറിയാതെയോ ആർഎസ്എസ് നീക്കങ്ങൾക്ക് പരോക്ഷമായ പിന്തുണ നൽകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് വ്യാഖ്യാനിക്കപ്പെട്ടാൽ തെറ്റുപറയാനാകില്ല.
സംഘപരിവാറിന്റെ ഭാഗമാണെന്ന് സ്വയം പ്രഖ്യാപിക്കുകയും മതാധിഷ്ഠിത ഭരണസംവിധാനത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയം നടപ്പാക്കാൻ ഇറങ്ങിത്തിരിച്ച ഗവർണറുടെ സാന്നിധ്യം മതനിരപേക്ഷതയുടെ പ്രതീകമായ വ്യാപാര സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ഉൾക്കൊള്ളാൻ കഴിയുന്നതാണോയെന്ന് അവർ തന്നെ പരിശോധിക്കണം.
63 വർഷമായി ഇടുക്കിയിലെ ജനങ്ങൾ ഭൂനിയമത്തിലെ തടസ്സങ്ങൾ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെടുകയും അതിനുവേണ്ടി സമരം ചെയ്തുവരികയുമായിരുന്നു. ഇടതുപക്ഷത്തോടൊപ്പം ഇടുക്കിയിലെ രാഷ്ട്രീയ നേതൃത്വങ്ങളും കർഷക സംഘടനകളും സമരത്തിന്റെ ഭാഗമായിട്ടുണ്ട്. ജനാഭിലാഷം പൂർണമായി ഉൾക്കൊണ്ടുകൊണ്ടാണ് സെപ്‌തംബർ 14ന് എൽഡിഎഫ് സർക്കാർ ഭൂനിയമ ഭേദഗതി നിയമസഭയിൽ അവതരിപ്പിച്ച് ഏകകണ്ഠമായി പാസാക്കിയത്. എന്നാൽ ബിൽ അവതരിപ്പിച്ച് മൂന്നര മാസം കഴിഞ്ഞിട്ടും ഒപ്പിടാൻ ഗവർണർ തയ്യാറായിട്ടില്ല. കൃഷിയോടൊപ്പം അനുബന്ധ നിർമാണപ്രവർത്തനങ്ങൾ കൂടി സാധൂകരിക്കുന്നതിനുള്ള ഭൂനിയമ ഭേദഗതിയുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതിലൂടെ ജില്ലയിലെ ജനങ്ങളുടെ ജീവിതം തടസപ്പെടുത്തുകയാണ് ഗവർണർ ചെയ്യുന്നത്‌. അതേ ഗവർണറുടെ നടപടിക്കെതിരെ ജനങ്ങൾ ഒന്നായി രാജ്ഭവനിലേക്ക് സമരം നയിക്കുന്ന ദിവസം തന്നെ ഗവർണറെ ഇടുക്കിയിലേക്ക് ക്ഷണിച്ചുവരുത്തുന്ന വ്യാപാരി നേതൃത്വത്തിന്റെ തീരുമാനം അപക്വവും അപകടകരവുമാണ്.
ജനപിന്തുണയിൽ വളർന്ന വ്യാപാര സമൂഹം സമന്വയത്തിന്റെയും സമചിത്തതയുടെയും പാതയാണ് സ്വീകരിക്കേണ്ടത്. കട്ടപ്പന ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങളിൽ ഷോപ്പ്‌സൈറ്റുകൾക്ക് പട്ടയം നൽകുന്നതിനുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണ്. പ്രളയകാലത്തും മഹാമാരിക്കാലത്തും വ്യാപാര സമൂഹത്തെ സർക്കാർ ചേർത്തുപിടിച്ചു. പൊതുപ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുമായി നിരവധി തവണ കൂടിക്കാഴ്ചകൾക്ക് അവസരവുമൊരുക്കി. ഇത്തരത്തിൽ വ്യാപാര സമൂഹത്തെ ഒന്നാകെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചുവരുന്ന സംസ്ഥാന സർക്കാരിനെതിരെ ഭരണഘടനാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഗവർണറെ മഹത്വവൽക്കരിക്കാനും ഇതിലൂടെ ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനുമുള്ള നീക്കത്തിൽനിന്ന് നേതൃത്വത്തെ പിന്തിരിപ്പിക്കാൻ വ്യാപാര സംഘടനകളിലെ അംഗങ്ങൾ തയ്യാറാകണമെന്നും എൽഡിഎഫ് നേതൃത്വം അഭ്യർഥിച്ചു. എൽഡിഎഫ് തീരുമാനത്തിൽ മാറ്റമില്ലെന്നും ജനവരു 9ന് ആയിരങ്ങൾ രാജ്ഭവനിലേക്ക് മാർച്ച് ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. രാജ്ഭവൻ മാത്രമല്ല, ഗവർണർ എത്തുന്ന തൊടുപുഴയും ജില്ലയും അന്നേദിവസം സമരനിബിഡമായി മാറുമെന്നും നേതാക്കൾ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ കെ കെ ശിവരാമൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, നേതാക്കളായ അനിൽ കൂവപ്ലാക്കൽ, ജിൻസൺ വർക്കി തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!