മലയാള സിനിമയ്ക്ക് പ്രതീക്ഷയുടെ 2024; ആദ്യ വെള്ളിയാഴ്ച തിയേറ്ററുകളിൽ 5 ചിത്രങ്ങൾ
പുതിയ പ്രതീക്ഷകളോടെ മലയാള സിനിമയും 2024നെ വരവേൽക്കുകയാണ്. കൊവിഡാനന്തരം തിയേറ്ററുകളിൽ എത്താൻ മടിച്ച പ്രേക്ഷകർ ആവശ്യപ്പെട്ട ‘തിയേറ്റർ എക്സ്പീരിയൻസ്’ സിനിമകളുടെ വലിയ നിരയാണ് ഈ വർഷം റിലീസിനൊരുങ്ങുന്നത്. 2024ലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് തിയേറ്ററുകളിൽ എത്തുന്നത് അഞ്ച് സിനിമകളാണ്.
ആട്ടം
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഉൾപ്പെടെ പ്രദർശനം നടത്തി കൈയ്യടി നേടിയ ആത്മവിശ്വാസത്തോടെയാണ് ‘ആട്ടം’ തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രത്തിൽ സെറിൻ ഷിഹാബ്, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവർക്ക് പുറമെ ഒമ്പത് പുതുമുഖങ്ങളും പ്രധാന അഭിനേതാക്കളാണ്. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബേസില്‍ സി ജെ സംഗീതം നിർവഹിച്ചിരിക്കുന്നു.
മാംഗോമുറി
ലാലി പി എം, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു രവി ശക്തി സംവിധാനം ചെയ്ത ‘മാംഗോമുറി’യാണ് ഇന്ന് തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. ചില ചോദ്യങ്ങൾ ഉന്നയിക്കുന്ന ആദ്യ പകുതിയും അതിന് ഉത്തരം ലഭിക്കുന്ന രണ്ടാം പകുതിയുമാകും സിനിമ. സിബി തോമസ്, ശ്രീകാന്ത് മുരളി, ടിറ്റോ വിൽസൺ, അർപ്പിത്, അജിഷ പ്രഭാകരൻ, ബിനു മണമ്പൂർ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സതീഷ് മനോഹർ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും തോമസ് സൈമണും ചേർന്നാണ്.
പാളയം പി സി
കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാളയം പി സി’. ഫാമിലി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. ശബരിമല കയറിയ ഒരു സ്ത്രീക്ക് സംരക്ഷണം ഒരുക്കുന്ന പൊലീസുകാരനും അവിടെ നടക്കുന്ന കൊലപാതകവും ആണ് സിനിമ പറയുന്നത്. ത്രില്ലർ എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും സിനിമ പ്രാധാന്യം നൽകുന്നുണ്ട്.
രാസ്ത
ഒമാനിലെ റൂബ് അൽ ഖാലി മരുഭൂമിയിൽ നടന്ന സംഭവ കഥയെ അടിസ്ഥാനമാക്കി അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ത’യും ഇന്ന് തിയേറ്ററുകളിൽ എത്തും. അമ്മയെ അന്വേഷിച്ചു ഗൾഫിലേക്കെത്തുന്ന ഒരു പെൺകുട്ടിയുടെ ജീവിത യാത്രയാണ് ചിത്രം പറയുന്നത്. സർജാനോ ഖാലിദ്, അനഘാ നാരായണൻ, ആരാധ്യാ ആൻ, ഇർഷാദ്, സുധീഷ്, ടി ജി രവി തുടങ്ങിയവർ രാസ്തയിൽ പ്രധാന കഥാപാത്രങ്ങളാണ്.
‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ധബാരി ക്യൂരുവി
ആദിവാസി വിഭാഗക്കാർ മാത്രം അഭിനയിക്കുന്ന ആദ്യ സിനിമ ‘ധബാരി ക്യൂരുവി’യും ഇന്ന് തിയേറ്ററുകളിൽ എത്തുന്നുണ്ട്. ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ ആണ് സംവിധാനം. പൂർണമായും ഇരുള ഭാഷയിലുള്ളതാണ് ചിത്രം. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. യുഎസിലെ ഓസ്റ്റിൻ, ഇൻഡ്യൻ പനോരമ, ഐഎഫ്എഫ്കെ അടക്കം ഏഴ് ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ശേഷമാണ് ‘ധബാരി ക്യൂരുവി’ തിയേറ്ററുകളിൽ എത്തുന്നത്.