ഗസ്സയില്‍ യുദ്ധം അവസാനിക്കുന്നില്ല; ആക്രമണം ഈ വര്‍ഷാവസാനം വരെ തുടരുമെന്ന് ഇസ്രയേല്‍
ഗസ്സയില്‍ യുദ്ധം ഈ വര്‍ഷം അവസാനം വരെ തുടരുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍. ഗസ്സയില്‍ നിന്ന് ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കുകയാണെന്ന് സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു. അഞ്ച് ബ്രിഗേഡുകളെയാണ് പിന്‍വലിക്കുന്നത്. ഗസ്സയില്‍ മരണസംഖ്യ 21,978 ആയി. ചെങ്കടലില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചു. ചെങ്കടലില്‍ ചരക്ക് കപ്പല്‍ റാഞ്ചാന്‍ യെമനിലെ ഹൂതികള്‍ നടത്തിയ ശ്രമം യുഎസ് നാവിക സേന പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ നീക്കം. ജുഡീഷ്യറിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നെതന്യാഹു സര്‍ക്കാര്‍ പാസാക്കിയ നിയമം ഇസ്രയേല്‍ സുപ്രിംകോടതി തള്ളി.
2023ഒക്ടബോറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗസ്സയില്‍ നിന്ന് സൈനികരെ പിന്‍വലിച്ചത്. യുദ്ധം തുടരുമ്പോള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനാണ് സൈനികരെ താത്ക്കാലികമായി പിന്‍വലിക്കുന്നത്. വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സൈനികരെ ഊര്‍ജ്ജസ്വലരാക്കാനാണ് ഈ നീക്കമെന്ന് സൈനിക വക്താവ് അറിയിച്ചു. ഗസ്സയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും മറ്റും ഇപ്പോഴും പോരാട്ടം തുടരുകയാണ്. യുദ്ധലക്ഷ്യം കൈവരിക്കുന്നത് വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഒക്ടോബര്‍ 7 നാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. ഗസ്സയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 21,978 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ 56,697 പേര്‍ക്ക് പരുക്കേറ്റു. ഗസ്സയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 156 പേര്‍ കൊല്ലപ്പെടുകയും 246 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.