കിലോയ്ക്ക് 25 രൂപ, ‘ഭാരത് അരി’യുമായി കേന്ദ്രം; ഉടൻ വിപണിയിലേക്ക്
ഭാരത് ആട്ട, ഭാരത് ദാൽ എന്നിവയ്ക്ക് പിന്നാലെ കിലോയ്ക്ക് 25 രൂപയക്ക് ഭാരത് അരി വിൽക്കാൻ പദ്ധതിയുമായി കേന്ദ്രം. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഭാരത് റൈസ്’ ബ്രാന്‍ഡിലുള്ള അരി വിപണിയിലെത്തിയേക്കും. അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടിയായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
സർക്കാർ ഏജൻസികളായ നാഷണൽ അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ(നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട് ലെറ്റുകൾ, സഞ്ചരിക്കുന്ന വിൽപന ശാലകൾ എന്നിവിടങ്ങളിലാണ് ഭാരത് അരി ലഭിക്കുക. അരിയുടെ ശരാശരി ചില്ലറ വിൽപന വില കിലോഗ്രാമിന് 43.3 രൂപയിൽ എത്തിയ സാഹചര്യത്തിലാണ് നീക്കം. മുന്‍വര്‍ഷത്തെക്കാള്‍ 14.1 ശതമാണ് അരിക്ക് വര്‍ധിച്ചത്.
അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സർക്കാരിന് പ്രധാന പ്രശ്നമാണ് ധാന്യങ്ങളുടെ വില ഉയരുന്നത്. സർക്കാർ ഇതിനകം തന്നെ ആട്ടയും പയർവർഗവും ഈ ബ്രാൻഡിന് കീഴിൽ വിൽക്കുന്നുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എഫ് സി ഐ) നടത്തിയ ഇ ലേലം വഴി ഓപ്പൺ മാർക്കറ്റിൽ ഓഫ് ലോഡ് ചെയ്യുന്ന തുക വർദ്ധിപ്പിച്ച് ഗോതമ്പ് വില ഉയരുന്നത് നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. എന്നാൽ അരിയുടെ കാര്യത്തിൽ സാധിച്ചിരുന്നില്ല.