വണ്ടൻമേട് പോലീസിനെ ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍

കട്ടപ്പന: വണ്ടൻമേട് പോലീസിനെ ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. അണക്കര നെറ്റിത്തൊഴു പാലാക്കണ്ടം കൊച്ചുപറമ്ബില്‍ പാനോസ് വര്‍ഗീസ്(31), സഹോദരൻ ജിബിൻ വര്‍ഗീസ്(26), പാലാക്കണ്ടം കാരയ്ക്കാകുഴിയില്‍ ജോമോൻ ചാക്കോ(33) എന്നിവരാണ് അറസ്റ്റിലായത്.കൊച്ചറയിലെ സര്‍ക്കാര്‍ മദ്യവില്‍പ്പനശാലക്ക് സമീപത്തെ കച്ചവട സ്ഥാപനത്തില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നെന്ന വിവരം അന്വേഷിക്കാൻ 24ന് വൈകുന്നേരം ആറോടെയെത്തിയ വണ്ടന്മേട് പോലീസിനെതിരെയാണ് ആക്രമണമുണ്ടായത്. ഏതാനും ആളുകള്‍ സ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്യവെ സ്ഥലത്തുണ്ടായിരുന്ന പ്രതികള്‍ എതിര്‍പ്പുമായി എത്തി. ഇത് തര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങിയതോടെ ഒരാളെ പൊലീസ് പിടികൂടി ജീപ്പില്‍ കയറ്റിയിരുത്തിയെങ്കിലും മറ്റുള്ളവര്‍ ചേര്‍ന്ന് ഇയാളെ ബലമായി പുറത്തിറക്കി.
ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ എസ്‌ഐ എബി പി.മാത്യു, ഗ്രേഡ് എസ്‌ഐ കെ.ജി.പ്രകാശ്, സിപിഒ ശ്യാം മോഹൻ എന്നിവരെ പ്രതികള്‍ കൈയേറ്റം ചെയ്യുകയും വാഹനത്തിന് കേടുപാട് വരുത്തുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡു ചെയ്തു.