ഇടുക്കിയുടെ ചരിത്രം പറയാന്‍ പി.ജെ. ജോസഫിന്റെ പുസ്തകം വരുന്നു

ഇടുക്കിയിലെ കുടിയേറ്റത്തിന്റെ കുടിയിറക്കിന്റെ കഥകളുമായി കട്ടപ്പന സ്വദേശി പി.ജെ ജോസഫിന്റെ പുസ്തകം പുറത്തിറങ്ങുന്നു. കണ്ണകി മുതല്‍ കൊലുമ്പന്‍ വരെ എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകത്തില്‍ അയ്യപ്പന്‍ കോവില്‍, ഉപ്പുതറ, കോവില്‍മല അടക്കമുള്ള പ്രദേശങ്ങളുടെ വിശദമായി ചരിത്രം വിവരിക്കുന്നു. കൂടാതെ കണ്ണകിയുടെ കാലഘട്ടം മുതല്‍ കൊലുമ്പന്റെ കാലഘട്ടം വരെ നീളുന്ന ഹൈറേഞ്ചിന്റെയും മലനാടിന്റെ അതിജീവന ചരിത്രവും ജോസഫ് വിവരിക്കുന്നുണ്ട്.
ഇളങ്കോ അടികള്‍ ചിലമ്പു നല്‍കി എന്ന പേരില്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പുകളുടെ സമാഹരണത്തോടൊപ്പം കുടിയേറ്റ മണ്ണിലെ ആരും പറയാത്ത കഥകളും ചേര്‍ത്താണ് 330 പേജുള്ള പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകത്തിന്റ കവര്‍ പ്രകാശനം വ്യത്യസ്തമായാണ് നടത്തിയത്. ആദ്യകാല കുടിയേറ്റക്കാരായ പാലത്തുങ്കല്‍ അന്നമ്മ വര്‍ഗ്ഗീസും കാഞ്ഞിരപാറയില്‍ ശാന്തമ്മ ഉലഹന്നാനും ഓണ്‍ലൈനായി കവര്‍ പ്രകാശനം ചെയ്തു. ഒപ്പം ഹൈറേഞ്ചിലെ പ്രമുഖ വ്യക്തികളും എഴുത്തുകാരും പങ്കെടുത്തു.
മുന്‍ എസ്.പിയായിരുന്ന ജോര്‍ജ് ജോസഫ് മണ്ണുശേരിയാണ് അവതാരിക എഴുതിയിരിക്കുന്നത്. അവതാരികയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു; തിരുവിതാംകൂര്‍ ചരിത്രത്തിനൊപ്പം പ്രാധാന്യമുള്ള ഒരു പ്രദേശമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഇടുക്കി തിരുവിതാംകൂറിന്റെ മാതൃരാജ്യം ഭരിച്ചിരുന്ന ചേരന്മാരുടെ മണ്ഡലസാമ്രാജുമായിരുന്ന കാല മുതല്‍തന്നെ ഈ പ്രദേശം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പീരുമേട്, ഉടുംമ്പന്‍ചോല താലൂക്കുകളിലെ കുടിയേറ്റ ചരിത്രം ആരും വിശദമായി രേഖപ്പെടുത്തി കാണുന്നില്ല. ആ കുറവ് പരിഹരിക്കാനുള്ള ശ്രമമാണ് പി.ജെ ജോസഫിന്റെ ഈ ഗ്രന്ഥം.
കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് പുസ്തകം പുറത്തിറക്കുന്നത്. 450 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ പ്രീബുക്കിങ്ങായി 400 രൂപയ്ക്ക് സ്വന്തമാക്കാമെന്ന് പ്രസാധകര്‍ അറിയിച്ചു. 8606802486 എന്ന നമ്പരില്‍ അഡ്രസ് അയച്ച് പുസ്തകം സ്വന്തമാക്കാം. ജനുവരിയില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് എഴുത്തുകാരന്‍ പറഞ്ഞു.