വൈദ്യുതാലങ്കാരം നടത്തുമ്പോള്‍ വൈദ്യുതസുരക്ഷയ്ക്ക് പ്രാമുഖ്യം നല്കണം

ക്രിസ്തുമസ് നവവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോള്‍ വൈദ്യുത സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പുതുതായി വൈദ്യുതീകരണത്തിന് അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴി ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്ന് അനുമതി നേടണം. വൈദ്യുതാലാങ്കാരത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ ഗുണനിലവാരമുള്ളവയാണെന്ന് ഉറപ്പുവരുത്തണം. മെയിന്‍ സ്വിച്ചില്‍ നിന്നും നേരിട്ട് വൈദ്യുതി എടുക്കാന്‍ പാടില്ല.
താല്‍ക്കാലിക ആവശ്യത്തിന് എടുക്കുന്ന കണക്ഷന്റെ തുടക്കത്തില്‍ തന്നെ ആര്‍സിസിബി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ വൈദ്യുതാലങ്കാര സര്‍ക്യൂട്ടിലും പ്രവര്‍ത്തനക്ഷമമായതും 30എംഎ സെന്‍സിറ്റിവിറ്റിയുള്ളതുമായ ആര്‍സിസിബി ഉണ്ടെന്നുറപ്പു വരുത്തണം. കൂടുതല്‍ സര്‍ക്യൂട്ടുണ്ടെങ്കില്‍ ഓരോ വിഭാഗത്തിനും ഓരോ ആര്‍സിസിബി നല്‍കണം. ഐഎസ്ഐ മുദ്രയുള്ള വയറുകള്‍ അല്ലെങ്കില്‍ ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക. വയറുകളില്‍ പൊട്ടലോ കേടുപാടോ ഇല്ല എന്നുറപ്പുവരുത്തണം. ‘ഔട്ട് ഡോര്‍ ഉപയോഗത്തിന് എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഉപകരണങ്ങള്‍ മാത്രമേ ഔട്ട് ഡോര്‍ ഉപയോഗത്തിനായി തെരഞ്ഞെടുക്കാന്‍ പാടുള്ളു.
സോക്കറ്റുകളില്‍ നിന്ന് വൈദ്യുതിയെടുക്കുന്നതിനായി അനുയോജ്യമായ പ്ലഗ് ടോപ്പുകള്‍ ഉപയോഗിക്കുക. സിംഗിള്‍ ഫേസ് സപ്ലൈ എടുക്കുന്നതിനായി ത്രി കോര്‍ ഡബിള്‍ ഇന്‍സുലേറ്റഡ് വയര്‍ ഉപയോഗിക്കണം. കൈയെത്തുന്ന ഉയരത്തില്‍ ഉപകരണങ്ങളോ വയറുകളോ ഇല്ല എന്നുറപ്പുവരുത്തുക. ജനല്‍, വാതില്‍, മറ്റ് ലോഹഭാഗങ്ങള്‍ എന്നിവയില്‍ മുട്ടുന്ന വിധത്തിലോ കുരുങ്ങുന്ന വിധത്തിലോ വൈദ്യുതാലങ്കാരങ്ങള്‍ നടത്തരുത്. ഫേസില്‍ അനുയോജ്യമായ ഫ്യൂസ് അല്ലെങ്കില്‍ എംസിബി ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഏതെങ്കിലും അവസരത്തില്‍ ഫ്യൂസ് പോവുകയോ എംസിബി അല്ലെങ്കില്‍ ആര്‍സിസിബീ ട്രിപ്പാവുകയോ ചെയ്താല്‍ അതിന്റെ കാരണം കണ്ടെത്തി, പരിഹരിച്ചതിന് ശേഷം മാത്രം വീണ്ടും ചാര്‍ജ്ജ് ചെയ്യുക. ഒരാള്‍ മാത്രമുള്ളപ്പോള്‍ വൈദ്യുതി ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ഒഴിവാക്കുക. സ്ഥാപനത്തിലെ എര്‍ത്തിംഗ് സംവിധാനം കേടുകൂടാതെ പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.