കട്ടപ്പനയിൽ നാളുകളായി വിലസിയ ചാരിറ്റി തട്ടിപ്പ് സംഘത്തെ കയ്യോടെ പിടികൂടി ‘നാടുകടത്തി’ നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ

കട്ടപ്പനയിൽ നാളുകളായി വിലസിയ ചാരിറ്റി തട്ടിപ്പ് സംഘത്തെ കയ്യോടെ പിടികൂടി ‘നാടുകടത്തി’ നഗരസഭാധ്യക്ഷ ഷൈനി സണ്ണി. രോഗിയുടെ ചികിത്സാ ചെലവിനെന്ന പേരിൽ നഗരത്തിൽ പതിവായി പാട്ടുപാടി പണപ്പിരിവ് നടത്തിയിരുന്ന കൊല്ലത്തുനിന്നുള്ള സംഘം, നഗരസഭാധ്യക്ഷ രേഖകൾ ചോദിച്ചപ്പോൾ മുങ്ങി. അന്വേഷണത്തിൽ രോഗിക്ക് ഇതുവരെ പണമൊന്നും ലഭിച്ചില്ലെന്നും മനസ്സിലായി.
വ്യാഴാഴ്ച രാവിലെ പത്തരയോടെ ഷൈനി സണ്ണി നേരിട്ടെത്തി സംഘത്തോട് രേഖകൾ ആവശ്യപ്പെടുകയായിരുന്നു. വേണ്ടത്ര രേഖകളോ അനുമതിയോ ഇല്ലാതെയാണ് സംഘം പിരിവ് നടത്തുന്നതെന്ന് കണ്ടെത്തി. കൊല്ലം ജില്ലയിൽനിന്നുള്ള ചാരിറ്റബിൾ ട്രസ്റ്റെന്ന് പരിചയപ്പെടുത്തിയാണ് ഇവർ ബസ് സ്റ്റാൻഡിലും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും മണിക്കൂറുകളോളം പാട്ടുപാടി പിരിവ് നടത്തിയിരുന്നത്. വാഹനത്തിൽ ചികിത്സാസഹായം ആവശ്യമുള്ള രോഗിയുടെ നമ്പരും നൽകിയിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭാധ്യക്ഷ ഈ ഫോൺ നമ്പരിലേക്ക് വിളിച്ചു. തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് രോഗി അറിയിച്ചത്. ഇതോടെ നഗരസഭാധ്യക്ഷ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ രജിസ്ട്രേഷൻ രേഖകൾ ആവശ്യപ്പെട്ടു. എന്നാൽ, ഇവരുടെ പക്കൽ രേഖകളുണ്ടായിരുന്നില്ല.
മൈക്ക് ഉപയോഗിക്കുന്നതിന് പോലീസിന്റെ അനുമതിയുണ്ടെന്ന് ഇവർ പറഞ്ഞു. നഗരസഭാധ്യക്ഷ പോലീസിനെ വിളിച്ചു വിവരമന്വേഷിച്ചു. അനുമതിയില്ലെന്ന് വിവരം ലഭിച്ചു. പോലീസ് എത്തും മുൻപ് സംഘം മൈക്ക് സെറ്റ് ഉൾപ്പെടെ വാഹനത്തിൽ കയറ്റി തടിതപ്പുകയായിരുന്നു.