ഇടുക്കിയിൽ വിമാനത്താവളം വരുമോ? 2006ൽ നാമ്പിട്ട സ്വപ്നത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു…


ചെറുതോണി ഇടുക്കിയുടെ വിമാനത്താവള സ്വപ്നങ്ങൾക്കു വീണ്ടും ചിറകുമുളയ്ക്കുന്നു. ജില്ലാ ആസ്‌ഥാനത്ത് എയർ സ്ട്രിപ് സ്ഥാപിക്കുന്നതിനുള്ള തുടർ നടപടികൾക്കായി വിമുക്ത വ്യോമസേന ഓഫിസർക്കു ചുമതല നൽകാൻ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ചെറു വിമാനങ്ങൾക്ക് വന്നിറങ്ങാനും പറന്നുയരാനും സൗകര്യമുള്ളതാണ് എയർ സ്ട്രിപ്പുകൾ. കഴിഞ്ഞ ബജറ്റിൽ പ്രാരംഭ നടപടികൾക്കായി 2 കോടി
രൂപ അനുവദിച്ചിരുന്നു. ഇടുക്കിക്കു പുറമേ വയനാട്, കാസർകോട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് ‘നോ ഫ്രിൽ’ എയർ സ്ട്രിപ്പുകളുടെ ശൃംഖല സ്ഥാപിക്കുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന എയർ സ്ട്രിപ്പുകളെയാണ് നോ ഫ്രിൽ എയർ സ്ട്രിപ്പുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.
ജില്ലയുടെ ടൂറിസം രംഗത്ത് ഉണർവേകുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ആവശ്യമായി വരുന്ന ഘട്ടത്തിൽ സഹായകരമാകുന്നതിനും ഏറെ പ്രാധാന്യമുള്ളതാണ് പദ്ധതി. അടിയന്തര ഘട്ടത്തിൽ ഇടുക്കി മെഡിക്കൽ കോളജിൽ നിന്നു രോഗികളെ സംസ്‌ഥാനത്തെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും ചെറുവിമാനത്താവളം അനുയോജ്യമാകും.
സ്വപ്നം നാമ്പിട്ടത് 2006ൽ
ഇടുക്കിയിൽ ചെറു വിമാനങ്ങൾക്കു പറന്നിറങ്ങാൻ ഒരു വിമാനത്താവളം ആകാമെന്ന ആശയം ആദ്യമായി ഉയരുന്നത് 17 വർഷം മുൻപ്. 2006 – 2007 കാലത്ത് ജില്ലാ ആസ്‌ഥാനത്ത് ഇതിനായി റിട്ട.എയർ മാർഷലിൻ്റെ നേതൃത്വത്തിൽ ഒട്ടേറെ പഠനങ്ങൾ നടന്നു. ചെറുതോണിക്കു സമീപം പെരുങ്കാലയിലും പൈനാവിനു സമീപം താന്നിക്കണ്ടം നിരപ്പിലുമാണ് ഇതിനായി സ്‌ഥലം കണ്ടെത്തിയത്. പെരുങ്കാലയിൽ പിന്നീട് കോണ്ടൂർ സർവേ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി സ്‌ഥലം മിനി എയർസ്ട്രിപ്പിന് അനുയോജ്യമെന്നു കണ്ടെത്തിയിരുന്നു.