ശൗചാലയം രണ്ടാം നിലയില്‍ ആയതോടെ വെട്ടിലായി അവശരായ വയോധികർ


പുരുഷന്‍മാര്‍ക്കുള്ള ശൗചാലയം രണ്ടാം നിലയില്‍ നിര്‍മ്മിച്ചതോടെ വെട്ടിലായത് അവശരായ വയോധികർ. നെടുങ്കണ്ടം പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ പുതിയ ശൗചാലയം രണ്ട് നിലകളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതോടെ പുരുഷന്‍മാരായ വികലാംഗര്‍, പ്രായമായവര്‍, ശാരീരിക അവശത നേരിടുന്നവര്‍, കുട്ടികളുമായി എത്തുന്നവര്‍ തുടങ്ങിയവര്‍ ഇരുമ്പ് നടയിലൂടെ കയറി മുകളിലെ നിലയിലെ ശൗചാലയത്തില്‍ എത്തി പ്രാഥമിക കൃത്യം നിര്‍വ്വഹിക്കേണ്ട അവസ്ഥയിലാണ്. താഴത്തെ നില സ്ത്രികള്‍ക്കും രണ്ടാം നില പുരുഷന്‍മാര്‍ക്കുമായാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. പഴയ ശൗചാലയം ഉപയോഗ ശൂന്യമായതോടെ പൊതു ജനങ്ങള്‍ക്കായി ഇതിനോട് ചേര്‍ന്ന് രണ്ട് നിലകളിലായി പുതിയ ശൗചാലയം പഞ്ചായത്ത് നിര്‍മ്മിച്ചത്. മറ്റ് സ്ഥലങ്ങളില്‍ ഒരേ കെട്ടിടത്തിന്റെ ഇരുവശങ്ങളിലായാണ് സ്ത്രികൾക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ദീര്‍ഘവീഷണമില്ലാതെയാണ് നെടുങ്കണ്ടം പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ രണ്ട് നിലകളിലായി നിര്‍മ്മിച്ച ശൗചാലയം നിര്‍മ്മിച്ചതോടെ ഇവിടെ എത്തുന്നവരെ വളരെ അധികം ബുദ്ധിമുട്ടിലാക്കുന്നു. നൂറ് കണക്കിന് ആളുകള്‍ വന്ന് പോകുന്ന നെടുങ്കണ്ടം സ്വകാര്യ ബസ് സ്റ്റാഡിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിരുന്ന ശൗചാലയം പുരുഷന്‍മാര്‍ക്കായി പുതുക്കി പണിത് സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.