ലോക്സഭയിലെ സുരക്ഷാവീഴ്ച; ഏഴു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


ലോക്സഭയിലെ സുരക്ഷാ വീഴ്ചയിൽ നടപടി. സുരക്ഷ ചുമതലയുള്ള ഏഴു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ലോക്സഭ സെക്രട്ടറിയേറ്റിന്റേതാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിലെത്തി സുരക്ഷാകാര്യങ്ങൾ വിലയിരുത്തി. കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തുകയും ചെയ്തു.
അതേസമയം പിടിയിലായ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, അതിക്രമം, യുഎപിഎയുടെ 16, 18 വകുപ്പുകൾ എന്നിവയാണ് ഡൽഹി പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയത്. സാഗർ ശർമ, അമോൽ ധൻരാജ് ഷിൻഡെ, നീലം, മനോരഞ്ജൻ ഡി, ലളിത് ഝാ എന്നിവരാണ് പിടിയിലായത്. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോഗിച്ചത്.
ആറു പേരാണ് ആക്രമത്തിന് പിന്നിൽ ഇതിൽ ഒരാൾ ഒളിവിലാണ്. ലളിത് ഝാ എന്ന ആളാണ് പുക സ്പ്രേ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾ സഭയ്ക്കുള്ളിൽ കയറാനായി മൈസൂരുവിലെ ബിജെപി എംപിയായ പ്രതാപ് സിംഹയുടെ പാസാണ് ഉപയോഗിച്ചത്. കേസിൽ പ്രതികളായ ലളിത് ഝാ ബിഹാർ സ്വദേശിയാണ്. പ്രതികൾ താമസിച്ച ഗുരു ഗ്രാമിലെ വീട് വിക്കി ശർമ എന്നയാളുടേതാണ്.