Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടുക്കിയിലെ വാർത്താസമ്മേളനത്തിൽ നിന്ന്



സി പി ഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രന്റെ ആകസ്മിക വിയോഗം നമ്മളെയെല്ലാം നൊമ്പരപ്പെടുത്തുന്നതാണ്. വെള്ളിയാഴ്ച കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് മന്ത്രിസഭാംഗങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. ശനിയാഴ്ചത്തെ പര്യടനം മാറ്റിവെക്കുകയും ഞായറാഴ്ചത്തേത് ക്രമപ്പെടുത്തുകയും ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടതുപക്ഷ ഐക്യത്തിന്റെയും നേതൃനിരയിൽ ശക്തമായ സാന്നിധ്യമായിരുന്നു കാനം രാജേന്ദ്രൻ. അദ്ദേഹത്തിന് ഈ നാട് നൽകുന്ന സ്നേഹവും ആദരവുമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കൊച്ചിയിലും തിരുവനന്തപുരത്തും തുടർന്ന് വിലാപയാത്ര കടന്നുപോയ വഴികളിലും സംസ്കാരച്ചടങ്ങിലും കണ്ടത്. സഖാവ് കാനത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ഒരിക്കൽ കൂടി അഭിവാദ്യം അർപ്പിക്കട്ടെ.

നവകേരള സദസ്സ് എട്ടു ജില്ലകൾ പിന്നിട്ട് ഇന്നലെ ഇടുക്കി ജില്ലയിലെത്തി. തൊടുപുഴയിൽ വലിയ ബഹുജനമുന്നേറ്റമാണുണ്ടായത്. നവകേരള സദസ്സിന് ഇടുക്കി ജില്ല നൽകുന്ന സ്വീകരണത്തിന്റെ വൈപുല്യവും ആവേശവും നിറഞ്ഞു നിൽക്കുന്നതായിരുന്നു തൊടുപുഴയിലെ ജനസഞ്ചയം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട വേളയിൽ എൽഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ 380 -ആമത്തെ ഉറപ്പ് പ്രാവർത്തികമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് നവകേരള സദസ്സ് ഇടുക്കിയുടെ മണ്ണിലേക്ക് കടക്കുന്നത്. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം മുൻനിർത്തി, ഇക്കഴിഞ്ഞ സെപ്തംബർ 14 നാണ് 1960 ലെ ഭൂപതിവ് നിയമം കേരള നിയമസഭ ഭേദഗതി ചെയ്തത്. ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങൾക്ക് മാറ്റം വരാൻ പോകുകയാണ്.
സ്വന്തം ഭൂമിയിൽ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അത്യധികം സങ്കീർണ്ണമായ ഭൂമി പ്രശ്നത്തെ ഏറ്റവും അനുഭാവപൂർവ്വം അഭിസംബോധന ചെയ്യാനാണ് സർക്കാർ ശ്രമിച്ചത്.

കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ “കേരളാ സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ” നിയമമാവുന്നതോടെ പതിച്ചു നൽകിയ ഭൂമിയിൽ കൃഷിക്കും വീടിനും പുറമെ സർക്കാർ അനുമതികളോടെ കാർഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളിൽ നടത്തിയ നിർമ്മാണപ്രവർത്തനങ്ങളിൽ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കപ്പെടും. ഈ ബിൽ ഇനിയും ഗവർണ്ണർ അംഗീകരിച്ചു നൽകിയിട്ടില്ല.


2016 ലെ സർക്കാർ വരുമ്പോൾ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കിയ നിലയിലായിരുന്നു ഇടുക്കി മെഡിക്കൽ കോളേജ്. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് കണ്ട് മറ്റു മെഡിക്കൽ കോളേജുകളിലേക്ക് ഇവരുടെ പഠനം മാറ്റി അംഗീകാരം നേടുകയായിരുന്നു.
മെഡിക്കൽ കൗൺസിൽ ചൂണ്ടിക്കാട്ടിയ മതിയായ കിടക്കകളുള്ള ആശുപത്രി, കുട്ടികൾക്കുള്ള ഹോസ്റ്റൽ അക്കാദമിക്ക് ബ്ലോക്ക് ഇവയെല്ലാം തുടർന്ന് സജ്ജമാക്കി ഒപി ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു.
പുതിയ ബ്ലോക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ആശുപത്രിയുടെ പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും അവ പ്രവർത്തിപ്പിക്കുന്നതിനുള്ള മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇടപെടലുകൾ നടത്തുകയും കഴിഞ്ഞ അക്കാദമിക് വർഷം മുതൽ 100 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് അംഗീകാരം ലഭ്യമാകുകയും ചെയ്‌തിട്ടുണ്ട്. ഈ വർഷം പുതുതായി 60 വിദ്യാർത്ഥികൾ അടങ്ങുന്ന നേഴ്സ‌സിംഗ് കോളേജിൻ്റെ ബാച്ചും ആരംഭിച്ചു.

2016-21 കാലയളവിൽ ഇടുക്കി ജില്ലയിൽ 37,815 പേർക്കാണ് പട്ടയം അനുവദിച്ചത്. കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ ഇടുക്കിയിൽ 6459 പട്ടയങ്ങൾ വിതരണം ചെയ്‌തു. വനാവകാശ നിയമപ്രകാരം 368.94 ഏക്കർ ഭൂമിക്ക് കൈവശാവകാശ രേഖ നൽകി.

ആനവിലാസം വില്ലേജ് – മൂന്നാർ മേഖലയിൽ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്നതും കാർഷികവൃത്തി മുഖ്യസ്രോതസ്സായി നിൽക്കുന്ന മേഖലയായ ആനവിലാസം വില്ലേജിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത് അവിടുത്തെ ജനങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഈ വില്ലേജിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യൂ വകുപ്പിൻ്റെ എൻഒസി വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കി.

മൂന്നാറിന്റെ വർഷങ്ങളായി നിലനിൽക്കുന്ന പരിസ്ഥിതി സന്തുലിത വികസന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യത്തിലുള്ള നിർണ്ണായക ചുവടുവയ്‌പാണ് മൂന്നാർ ഹിൽ ഏര്യ അതോറിറ്റിയുടെ രൂപീകരണം.

മൂന്നാർ മേഖലയിലെ പഞ്ചായത്തുകളുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള പ്രവർത്തനത്തിലുപരി ദീർഘവീക്ഷണ കാഴ്‌ചപ്പാടോടെ മൂന്നാറിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം പ്രാദേശിക സർക്കാരുകളുടെ കൂട്ടായ ചർച്ചകളിലൂടെ ആസൂത്രണം ചെയ്യുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം.

മൂന്നാറിൻ്റെ വികസനം മുന്നിൽകണ്ട് നടപ്പാക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അനധികൃത നിർമ്മാണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും വേണം.

ഈ മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി ജോയിൻ്റ് ആസൂത്രണ സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക വ്യവസ്ഥയും ടൂറിസം സാധ്യതയും നിലനിർത്തുന്നതിന് ഉപയുക്തമായ തരത്തിലായിരിക്കും അതോറിറ്റിയുടെ പ്രവർത്തനം. പരിസ്ഥിതിലോല പ്രദേശങ്ങളുടെ ജൈവവൈവിധ്യം സംരക്ഷിക്കാനും ഉപജീവനമാർഗ്ഗം നിലനിർത്താനുമുള്ള ആവശ്യകത നിറവേറ്റാനും അതോറിറ്റിയുടെ പ്രവർത്തനത്തിലൂടെ സാധ്യമാകും.

പരിസ്ഥിതി സംതുലിത വികസനമാതൃകകൾക്കനുസൃതമായുള്ള നിർമ്മാണങ്ങളിലൂടെ ടൂറിസം സാധ്യത വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ദേശീയതലത്തിൽ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡ് അവാർഡ് നേടിയത് കാന്തല്ലൂർ വില്ലേജാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ ഗ്രീൻ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ്. ഈ പദ്ധതി ടൂറിസം, പഞ്ചായത്ത് വകുപ്പുകൾ സംയുക്തമായി നടപ്പാക്കിയതാണ്.
വിനോദ സഞ്ചാരവകുപ്പിൻ്റെ സഹകരണത്തോടെ വാഗമണ്ണിൽ കേരളത്തിലെ ആദ്യത്തെതും ഇന്ത്യയിലെ എറ്റവും നീളം കൂടിയതുമായ കാന്റിലിവർ ഗ്ലാസ്സ് ബ്രിഡ്‌ജ് വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുത്തു.

ഇന്ത്യയിലാദ്യമായി തോട്ടം മേഖലയ്ക്ക് വേണ്ടി ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റും ഉദ്യോഗസ്ഥ സംവിധാനവും രൂപീകരിച്ച സംസ്ഥാനമായി കേരളം മാറി. വ്യവസായ വകുപ്പിന് കീഴിലാണ് പ്ലാന്റേഷൻ ഡയറക്ടറേറ്റ്. പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ഉദ്ഘാടനം ജനുവരി മാസത്തിൽ നടക്കും.

വ്യവസായ മേഖല അടിസ്ഥാനമാക്കി സംസ്ഥാനത്തു പുതിയ തോട്ടംനയം രൂപികരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പ്ലാന്റേഷൻ മേഖലയെ സംബന്ധിച്ച സമഗ്രമായ പഠനം നടത്തുന്നതിന് ഐ ഐ എം കോഴിക്കോടിനെ ചുമതലപ്പെടുത്തി.

സുഗന്ധവ്യഞ്ജന സംസ്കരണ ഫാക്ടറികൾ സ്ഥാപിക്കുന്നതിനായി ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സ്പൈസെസ് പാര്‍ക്ക് ആരംഭിച്ചു. ഇടുക്കി വ്യവസായത്തിൽ പിന്നിൽ ആണെന്ന പ്രചാരണം തെറ്റാണ് എന്ന് തെളിയിക്കുന്ന രീതിയിൽ ഉദ്ഘാടനത്തിനു മുൻപ് തന്നെ ഭൂരിഭാഗം ഭൂമിയും അലോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി.
സ്‌പൈസസ് പാർക്കിന്‍റെ രണ്ടാം ഘട്ടമായി ബാക്കിയുള്ള ഭൂമിയിൽ വികസന പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിൽ വികസിപ്പിച്ചെടുത്ത 10 ഏക്കറോളം ഭൂമി കിൻഫ്രയ്ക്ക് വ്യവസായ യൂണിറ്റുകൾക്ക് അലോട്ട് ചെയ്യാൻ കഴിയുന്നതാണ്. 7 ഏക്കർ ഭൂമി സ്പൈസസ് ബോർഡുമായി സംയുക്തമായി സുഗന്ധവ്യഞ്ജന കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുവാനുമാണ് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ ഇടുക്കി ജില്ലയുടെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. അതിന്റെ പ്രതിഫലനമാണ് ജനങ്ങളുടെ വൻ പങ്കാളിത്തത്തിൽ കാണുന്നത്.
ഇന്നലെ തൊടുപുഴയിൽ മാത്രം 9434 നിവേദനങ്ങളാണ് ലഭിച്ചത്. നിവേദനം സ്വീകരിക്കാനുള്ള സൗകര്യം പോരാതെ വന്നു. ഇത്രയേറെ നിവേദനം അവിടെ എത്തി ജനങ്ങൾ നൽകിയെങ്കിൽ, തൊടുപുഴയിൽ നവകേരള സദസ്സിന് തടിച്ചു കൂടിയ ജനാവലിയുടെ വലുപ്പം ഊഹിക്കാവിന്നതേയുള്ളൂ. ആ ജനങ്ങളുടെ വിശ്വാസമാണ് സർക്കാരിന്റെ കരുത്ത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!