നെടുങ്കണ്ടത്ത് റോഡ് നിര്മാണത്തിന്റെ മറവില്‍ മരംമുറി; മുറിച്ച മരങ്ങളും കാണാനില്ല
ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്മാണത്തിന്റെ മറവില്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിച്ച് പൊതുമരാമത്ത് വകുപ്പ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മരം മുറിച്ച കരാറുകാരനുമെതിരെ വനം വകുപ്പ് കേസെടുത്തു. ജില്ലയിലെ മഴക്കാല പ്രതിരോധത്തിന്റെ ഭാഗമായി അപകട ഭീഷണിയുള്ള മരങ്ങളാണ് മുറിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
ഉടുമ്പൻചോല-ചിത്തിരപുരം റോഡ് നിർമാണത്തിനിടെ അനുമതിയില്ലാതെ വെട്ടിമാറ്റിയ അൻപതോളം മരങ്ങളെക്കുറിച്ച് ദേവികുളം ഫോറസ്റ്റ് ഓഫിസർ അരുൺ മഹാരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. കാലവര്‍ഷത്തിന് മുമ്പ് വഴിയരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്നുള്ള കലക്ടറുടെ ഉത്തരവിന്റെ മറവിലാണ് മരംമുറിച്ചത്. അനുമതിയില്ലാതെ മരങ്ങൾ വെട്ടിമാറ്റിയെന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് നെടുങ്കണ്ടം സബ്ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ ചന്ദനവയമ്പ്, വേങ്ങ, മയില, വട്ട എന്നീ മരങ്ങളാണ് മുറിച്ച് കടത്തിയിരിക്കുന്നതെന്ന് വ്യക്തമായി. എന്നാൽ റോഡ് പണി കരാറെടുത്തിരിക്കുന്ന വ്യക്തിയാണ് മരങ്ങൾ മുറിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. വിവാദമായതോടെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉടുമ്പൻചോല പൊലീസിന് പരാതി നല്‍കി. ആഴ്ചകൾക്ക് മുമ്പ് മരംമുറിച്ചത് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുക്കാൻ വനംവകുപ്പ് കാലതാമസം വരുത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.