മൂന്നാറിൽ തകർന്നത് 125 വർഷം പഴക്കമുള്ള കോൺക്രീറ്റ് നടപ്പാലം; ഒരാൾക്ക് പരിക്ക്
മൂന്നാർ • 125 വർഷം പഴക്കമുള്ള കോൺക്രീറ്റ് നടപ്പാലം തകർന്നു വീണു. സമീപമുണ്ടായിരുന്ന ലോട്ടറി വിൽപനക്കാരന് പരുക്ക്. അപകടം നടന്നത് സ്‌കൂൾ കുട്ടികൾ കടന്നുപോയി ഒന്നര മണിക്കൂറിനു ശേഷം. മൂന്നാർ ന്യൂ കോളനി സ്വദേശി ടി. തങ്കരാജാണ് (67) പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. ഇന്നലെ രാവിലെ 11നാണ് മുന്നാർ ടൗണിനു സമീപമുള്ള നല്ലതണ്ണി പാലം തകർന്നുവീണത്.
പാലത്തിന്റെ പകുതി ഭാഗം തകർന്ന് നല്ലതണ്ണി പുഴയിലേക്ക് പതിച്ചു. ഈ സമയം തങ്കരാജ് പാലത്തിൽ കുടി നല്ലതണ്ണി കവലയിലേക്ക് ലോട്ടറി വിൽക്കാൻ പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
125 വർഷം മുൻപ് ബ്രിട്ടിഷ് കാലഘട്ടത്തിലാണ് മൂന്നാർ ഉദുമൽപേട്ട റോഡിൽ ഈ പാലം നിർമിച്ചത്. തൂണുകളില്ലാതെ ഇരുമ്പുകമ്പികളിൽ നിലനിന്ന പാലം വഴിയായിരുന്നു ഗതാഗതം. എന്നാൽ 1989ൽ പെരിയവര കവലയിൽ വലിയ കോൺക്രീറ്റ് പാലം നിർമിച്ചതോടെ പഴയപാലം നടപ്പാലമാക്കി മാറ്റുകയായിരുന്നു. അറ്റകുറ്റപ്പണികൾ നടത്താതെ വന്നതോടെ കാലപ്പഴക്കം മുലമാണ് പാലം തകർന്നു വീണത്.