കാട്ടാനയെ ഇനി നാട്ടാന എന്ന് വിളിക്കാം; ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനശല്യം രൂക്ഷം
മൂന്നാർ ഒരാഴ്‌ചയായി തോട്ടം മേഖലയിലെ ജനവാസ
കേന്ദ്രങ്ങളിൽ കാട്ടാനശല്യം രൂക്ഷം. മൂന്നാർ ടൗണിനു സമീപം പകൽ സമയത്തു പോലും കാട്ടാനക്കൂട്ടമെത്തി. വാഗുവരൈ, കടലാർ, എട്ടാംമൈൽ, നല്ലതണ്ണി ഐടിഡി, പഴയ മൂന്നാർ ചൊക്കനാട് എന്നിവിടങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ബുധൻ പകൽ സമയത്ത് പഴയ മൂന്നാർ ഹെഡ് വർക്‌സ് ഡാമിനു സമീപം 3 കുഞ്ഞുങ്ങളും 2 പിടിയാനകളും ഇറങ്ങിയിരുന്നു.
ഡാമിന്റെ വൃഷ്ടിപ്രദേശത്തെ പുൽമേട്ടിൽ മേഞ്ഞുനടന്ന ആനക്കൂട്ടത്തെ കാണാൻ വിദേശികളടക്കം ഒട്ടേറെ സഞ്ചാരികളാണ് പഴയ മൂന്നാറിലെത്തിയത്. പടയപ്പയടക്കം 14 ആനകളാണ് ചൊക്കനാട് എസ്‌റ്റേറ്റിൽ തമ്പടിച്ചിരിക്കുന്നത്. മേഖലയിൽ പുതുതായി പ്രത്യക്ഷപ്പെട്ട കൊമ്പൻ ബുധൻ രാത്രി നല്ലതണ്ണി ഐടിഡിയിലിറങ്ങി ഒട്ടേറെ തൊഴിലാളികളുടെ വാഴകളും പച്ചക്കറി കൃഷികളും തിന്നു നശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് സിഗ്നൽ പോയിൻ്റ് – സൈലൻ്റ് വാലി റോഡിൽ ഇറങ്ങിയ 3 കാട്ടാനകൾ 15 മിനിറ്റ് നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
വാഗുവരൈ, കടലാർ, നയമക്കാട്, എട്ടാംമൈൽ എന്നിവിടങ്ങളിലും ഇന്നലെ രാവിലെ കാട്ടാനകളിറങ്ങി. തോട്ടം മേഖലയോടു ചേർന്നുള്ള വനപ്രദേശങ്ങളിൽ വേനൽ കടുത്തതോടെ പുൽമേടുകൾ കരിയാൻ തുടങ്ങിയതിനാലാണ് കാട്ടാനകൾ തീറ്റ തേടി കുട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറയുന്നത്