സംസ്ഥാന തല ഡിജിറ്റല്‍ പ്രിന്റിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കട്ടപ്പനയുടെ മിടുക്കി അനഘ സാബു

സ്‌കൂള്‍തല സംസ്ഥാന ശാസ്‌ത്രോത്സവം ഐടി ഫെയറില്‍ ഡിജിറ്റല്‍ പ്രിന്റിംഗ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി അനഘ സാബു. നാട്ടിന്‍പുറത്ത് മഴയത്ത് ഫുഡ്‌ഫോള്‍ കളിക്കുന്ന കുട്ടികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിലാണ് മികച്ച കമ്പ്യുട്ടര്‍ ചിത്രരചനയ്ക്ക്് കട്ടപ്പന കുന്തളംപാറ സ്വദേശി പിള്ളേര്‍കാട്ട് വീട്ടില്‍ അനഘ സാബു (17) ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണ് അനഘ. വിവിധ ജില്ല കലോത്സവങ്ങളില്‍ വിജയിച്ച ഒന്നും രണ്ടും സ്ഥാനക്കാരായ 28 വിദ്യാര്‍ത്ഥി പ്രതിഭകളാണ് തിരുവനന്തപുരം കോട്ടന്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തത്. മൗസ് ഉപയോഗിച്ച് കമ്പ്യുട്ടറില്‍ ചിത്രം വരക്കുന്ന മത്സരമാണ് വെള്ളിയാഴ്ച നടന്നത്. ജില്ലാതല മത്സരത്തില്‍ കുട്ടികളുടെ യുദ്ധമുഖം എന്ന വിഷയത്തില്‍ ഗാസയിലെ യുദ്ധത്തില്‍ അകപ്പെട്ട കുട്ടികളെകുറിച്ച് ചിത്ര വരച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അനഘയുടെ കുടുംബത്തിലെ എല്ലാവരും ചിത്രരചന വിദഗ്ധരാണെന്ന പ്രത്യേകതയും ഉണ്ട്്. മാതാപിതാക്കളായ സിന്ധുവും സാബുവും സഹോദരന്‍ അനന്തുവും മികച്ച ചിത്രരചനയില്‍ മികവ് തെളിച്ചവരാണ്.