കാലുകൾ കൊണ്ട് വളയം പിടിക്കുന്ന ഇടുക്കിയിലെ മിടുക്കിക്ക് ലൈസൻസ്

ഇന്ന് ലോക ഭിന്നശേഷി ദിനം. ഈ ദിനം പങ്കിടാൻ ഇതിലും നല്ല ഒരു ജീവിത കഥയില്ല.
രക്ഷിതാക്കളായി ആരുമില്ലാതെ, സ്വതന്ത്രമായി പൊരുതി ജീവിക്കുകയാണ് ജിലുമോൾ മാരിയറ്റ്. എറണാകുളത്ത് ആനിമേഷൻ/ ഗ്രാഫിക്സ് കലാകാരിയായി ജോലി ചെയ്യുന്നു.
ഇരുകൈകളും ഇല്ല ജിലുമോൾക്ക്. പക്ഷെ ഡ്രൈവിംഗ് പഠിക്കണം എന്ന ആഗ്രഹത്തിന് മുന്നിൽ അതൊന്നും തടസ്സമായില്ല. പക്ഷെ ലൈസെൻസ് മാത്രം സ്വപ്നമായി അവശേഷിച്ചു. ഇപ്പോൾ നവകേരള സദസ്സിൽ ആ സ്വപ്നവും യാഥാർഥ്യം ആയിരിക്കുന്നു. സദസ്സിൽ സർക്കാരിന്റെ അതിഥിയായാണ് ജിലുമോൾ പങ്കെടുത്തത്.
കാൽ കൊണ്ട് വളയം തിരിച്ചാണ് ജിലുവിന്റെ ഡ്രൈവിംഗ്. വിഐ ഇന്നൊവേഷൻസ് എന്ന സ്റ്റാർട്ട്-അപ്പ് സംരംഭമാണ് വോയിസ് കമാൻഡുകൾ വഴി വാഹനം നിയന്ത്രിക്കാവുന്ന വിധത്തിൽ, സോഫ്റ്റ്വെയർ സംവിധാനങ്ങളോട് കൂടിയ സജ്ജീകരണങ്ങൾ കാറിനകത്ത് ഒരുക്കി നൽകിയത്.
ഇടുക്കി സ്വദേശി ജിലുമോൾക്ക് പാലക്കാട് നവകേരള സദസ്സിലെ പ്രഭാത യോഗത്തിൽ വച്ച് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. കാലുകൾകൊണ്ട് വണ്ടിയോടിക്കാൻ ശീലിച്ച ഇടുക്കിക്കാരിക്കു മുന്നിൽ നിയമം തടസ്സമായി നിൽക്കുകയായിരുന്നു.
ജിലുമോൾക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ലൈസൻസ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവർത്തിച്ചത് സംസ്ഥാന ഭിന്നശേഷി കമ്മീഷനാണ്. ആർ.ടി. ഒ അധികൃതരും സജീവമായ സഹായം നൽകി.
കാലു കൊണ്ടാണ് ജിലുമോൾ ബഹു മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേരിട്ട് ലൈസൻസ് സ്വീകരിച്ചത്. ഈ മിടുക്കിയുടെ വലിയ സ്വപ്നമാണ് ഇതോടെ സഫലമായിരിക്കുന്നത്. വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന ഇടുക്കിയിലെ ഈ മിടുക്കി ഭിന്നശേഷിക്കാർക്ക് വലിയ മാതൃകയാണ്.
.