‘കഷണ്ടിയുള്ള മാമന്‍’; പത്മകുമാറിനെ ഓയൂരിലെ ആറുവയസുകാരി തിരിച്ചറിഞ്ഞു
കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ് ആറുവയസുകാരി സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്. പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചുടന്‍ തന്നെ കുട്ടി ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരെ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ചാത്തന്നൂരിന് സമീപമുള്ള ചിറക്കരയിലാണ് ഓടിട്ട വീടുള്ളത്. ഡിവൈഎസ്പിയും വനിതാ സിപിഒയും കുട്ടിയെ കൂടുതല്‍ ചിത്രങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്.
പത്മകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സ്ത്രീയുടെ ചിത്രം ഓയൂരിലെ ആറു വയസുകാരിയെ കാണിച്ചെങ്കിലും ചിത്രം കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. കസ്റ്റഡിയിലെടുത്തവരുടെ കളര്‍ ചിത്രം വീണ്ടും കുട്ടിയേയും സഹോദരനേയും പൊലീസ് കാണിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ആറു വയസ്സുകാരിയുടെ വീട്ടിലെത്തിയാണ് കുട്ടിയെ ഫോട്ടോ കാണിച്ചത്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുട്ടിയുടെ വീട്ടിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കുട്ടിയുമായി സംസാരിക്കുകയാണ്. രാവിലെ പിതാവിന്റെ മൊഴിയെടുക്കാന്‍ എത്തിയ അന്വേഷണസംഘമാണ് വീണ്ടും കുട്ടിയുടെ വീട്ടിലെത്തിയത്.
ഉച്ചയ്ക്ക് 2.30ന് മൂന്നുപേരെയും തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളും ആറുവയസുകാരിയുടെ പിതാവും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പ്രതികള്‍ കുട്ടിയ്ക്ക് കാര്‍ട്ടൂണ്‍ കാണിച്ചുനല്‍കിയ ലാപ്‌ടോപ്പിന്റെ ഐ പി അഡ്രസ് റിക്കവര്‍ ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് സൂചന. കൂടാതെ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി.