‘താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിൽ; പോകുന്ന വഴിയിലെല്ലാം തല ബലം പ്രയോഗിച്ച് താഴ്ത്തി’; ആറു വയസുകാരിയുടെ മൊഴി
കൊല്ലം ഓയൂരിലെ കുട്ടിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി താമസിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെന്ന് ആറു വയസുകാരിയുടെ മൊഴി. പോകുന്നവഴിയിൽ പലയിടത്തും തല ബലം പ്രയോഗിച്ച് താഴ്ത്തിയെന്ന് കുട്ടി പറയുന്നു. പിറ്റേദിവസം രാവിലെ വീണ്ടും യാത്ര കാറിലും പിന്നീട് ഓട്ടോയിലുമായിരുന്നു. സംഘത്തിൽ കൂടുതൽ പേരെ കണ്ടെന്നും മൊഴി. ആശ്രാമം മൈതാനത്ത് വിട്ടപ്പോൾ പപ്പ വരുമെന്ന് അറിയിച്ചെന്ന് കുട്ടി പറയുന്നു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കരുതുന്ന പ്രതികളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രമാണ് പുറത്തുവിട്ടത്.
കുട്ടി പറഞ്ഞവിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. സംഘത്തിലുള്ള അംഗങ്ങളുടെ മുഖം ഓർമയില്ലെന്ന് കുട്ടി പറഞ്ഞു. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നിഗമനം. കേസിൽ കുട്ടിയുടെ പിതാവ് നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.
അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചിരുന്നു. പിതാവിന്റെ പത്തനംതിട്ടയിലെ ഫ്ളാറ്റിൽ നിന്ന് ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. സാധരണ നടപടിയുടെ ഭാഗമെന്നാണ് പൊലീസിന്റെ വിശദീകരണം. കുട്ടികൾ ഫോണിൽ കളിക്കുന്നതിനാലാണ് ഫോൺ മാറ്റിവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ ലഭിക്കട്ടേയെന്ന് പിതാവ് പറഞ്ഞു. തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.