സംസ്ഥാനത്ത് ഇന്ന് റേഷൻ കടകള്‍ക്ക് അവധി, നവംബറിലെ റേഷൻ വിഹിതം വാങ്ങിയത് 83 ശതമാനം പേര്‍
സംസ്ഥാനത്തെ റേഷൻ കടകള്‍ ഇന്ന് അടഞ്ഞുകിടക്കും. നവംബറിലെ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് റേഷൻ കടകള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. എല്ലാ മാസവും റേഷൻ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം റേഷൻ കടകള്‍ക്ക് അവധി നല്‍കാൻ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇ-പോസ് യന്ത്രത്തില്‍ അടുത്ത മാസത്തെ വിതരണം ക്രമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്ഡേഷനും, റേഷൻ വ്യാപാരികള്‍ക്ക് നീക്കിയിരിപ്പുള്ളതും, പുതുതായി വരുന്നതുമായ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുമുള്ള സ്ഥല ക്രമീകരണങ്ങള്‍ക്കും വേണ്ടിയാണ് മാസം ആദ്യം അവധി നല്‍കുന്നത്. ഡിസംബര്‍ മാസത്തെ റേഷൻ വിതരണം നാളെ മുതല്‍ ആരംഭിക്കുന്നതാണ്. അതേസമയം, നവംബര്‍ മാസത്തെ റേഷൻ വിഹിതം 83 ശതമാനം പേര്‍ മാത്രമാണ് കൈപ്പറ്റിയിട്ടുള്ളത്. ഡിസംബറില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 6 കിലോ അരി റേഷൻ വിഹിതമായി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി നല്‍കുക. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി 3 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും നല്‍കും. കൂടാതെ, നീല കാര്‍ഡ് അംഗങ്ങള്‍ക്ക് 2 കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കില്‍ സാധാരണ റേഷൻ വിഹിതമായി ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.