ആ ധൈര്യത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍; ജോനാഥനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മലപ്പുറം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ അബിഗേലിന്‍റെ സഹോദരന്‍ ജോനാഥനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്‍റെ സഹോദരന്‍ ജോനാഥന് പ്രത്യേകം അഭിനന്ദനം അറിയിച്ച മുഖ്യമന്ത്രി കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പൊലീസ് സേനാംഗങ്ങളേയും നാട്ടുകാരെയും അഭിനന്ദിച്ചു.
കുട്ടിയെ സുരക്ഷിതമായി കണ്ടെത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പൊലീസ് മേധാവിക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും അന്വേഷണത്തിന്‍റെ ഏകോപനത്തിനായി എഡിജിപി അടക്കമുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലുപേര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി എന്ന വിവരം ആണ് ആദ്യം ലഭിച്ചത്. അപ്പോള്‍ തന്നെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ വാഹനപരിശോധന ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയിരക്കണക്കിന് പൊലീസുകാരാണ് അന്വേഷണത്തില്‍ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചില്‍ ആണ് പൊലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള കാര്‍ ആണ് പ്രതികള്‍ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെ അതിക്രമം കാട്ടുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ അബിഗേലിന്‍റെ കുടുബത്തിന് ഒപ്പം നിന്ന് കരുത്ത് പകര്‍ന്ന കേരളീയ സമൂഹത്തെ ഹാർദമായി അഭിവാദ്യം ചെയ്യുന്നു. കേരളത്തിന്‍റെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയം കൂടിയാണിത്. എല്ലാവരും ആ കുഞ്ഞിനെ കിട്ടാനുള്ള ഇടപെടലാണ് നടത്തിയത്. ഈ ഐക്യത്തെക്കുറിച്ചാണ്, സവിശേഷതയെക്കുറിച്ചാണ് കേരളീയം വേളയില്‍ നാം കൂടുതല്‍ ചര്‍ച്ച ചെയ്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവരങ്ങള്‍ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങള്‍ നല്ല പങ്കു വഹിച്ചു. അതേ സമയം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എന്തൊക്കെ കരുതല്‍ ഉണ്ടാകണം എന്ന ചര്‍ച്ചയും സ്വയംവിമര്‍ശനവും വേണ്ടതുണ്ട്. അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. വല്ലാതെ ദുഃഖം അനുഭവിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ എല്ലാവരേയും രക്ഷപ്പെടുത്താനായി എന്നതിന്‍റെ സന്തോഷവും മുഖ്യമന്ത്രി പങ്കുവെച്ചു. 400 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയായി. മനസ്ഥൈര്യം കൈവിടാതെ പ്രതിസന്ധിയെ അതിജീവിച്ച തൊഴിലാളികള്‍ക്കും അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം കൃത്യതയോടെ നടപ്പാക്കിയ ഉത്തരാഖണ്ഡ് അധികൃതര്‍ക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.
4800 സ്റ്റാര്‍ട്ടപ്പുകള്‍, 64 ഇന്‍കുബേറ്ററുകള്‍, 450 ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകോത്തര സാങ്കേതിക വിദ്യകള്‍ക്കനുസൃതമായി സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ ശക്തമാക്കുവാനും നൈപുണ്യ പരിശീലനവും വൈദഗ്ധ്യവും മാര്‍ഗനിര്‍ദേശവും മറ്റു പിന്തുണകളും ലഭ്യമാക്കുന്നതിനുമായി 2019 ല്‍ കൊച്ചിയില്‍ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് സമുച്ചയം യാഥാര്‍ഥ്യമാക്കി. കേരളത്തെ നവ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്നോളജി ഹബ്ബിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 4800ല്‍ പരം സ്റ്റാര്‍ട്ടപ്പുകള്‍ വഴി 50,000 തൊഴിലുകളാണ് സൃഷ്ടിച്ചത്.
2021-22ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ പൊതു ബിസിനസ് ആക്സിലറേറ്ററായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗില്‍ തുടര്‍ച്ചയായി ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം ലഭിച്ചു. ഡിപിഐഎടിയുടെ റാങ്കിങ്ങില്‍ 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഹാട്രിക് നേടി. സാമൂഹിക ഉന്നമനത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പങ്ക് നിസ്തുലമാണ്. സംരംഭകത്വം എന്നത് കയ്യില്‍ പണമുള്ളവര്‍ക്ക് മാത്രം ചെയ്യാവുന്ന കാര്യമല്ല. അതിന് കഠിനാധ്വാനവും ഉള്‍ക്കാഴ്ചയുമാണ് വേണ്ടത്. അത് യുവതലമുറയോട് ആവര്‍ത്തിച്ച് പറയുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍.
നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ ആകെ 31,601 നിവേദനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ആദ്യദിവസം പൊന്നാനി-4192, തവനൂര്‍-3766, തിരൂര്‍-4094, താനൂര്‍-2814 എന്നിങ്ങനെയാണ് നിവേദനങ്ങള്‍ ലഭിച്ചത്.













































































