കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലാ അതിർത്തിയിൽ എത്തിയതായി സംശയം
കോട്ടയം: കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയിൽ എത്തിയതായി സംശയം. പുതുവേലിയിലെ ചായക്കടയിൽ പുലർച്ചെ ചായ കുടിക്കാൻ ഇവര്‍ എത്തിയതായി ചായക്കടക്കാരന്‍ മൊഴി നല്‍കി. 35 വയസ്സിന് മുകളില്‍ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും ഉള്‍പ്പടെ മൂന്ന് പേര്‍ പുലർച്ചെ അഞ്ച് മണിയോടെ ചായ കുടിക്കാനായി എത്തിയെന്നാണ് മൊഴി.
കാർ മാറ്റിയിട്ട ശേഷമാണ് ഇവര്‍ കടയിൽ എത്തിയത് എന്നും ഏറ്റുമാനൂർ റൂട്ടിലേയ്ക്ക് തിരിഞ്ഞായിരുന്നു വാഹനം നിർത്തിയിരുന്നതെന്നും കടക്കാരന്‍ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. രാമപുരം പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ചായ കുടിക്കാന്‍ കടയിൽ വന്നവർക്ക് രേഖാ ചിത്രവുമായി സാമ്യം ഉണ്ടെന്ന് കടയുടമ പറഞ്ഞു. എന്നാല്‍ അവർ ചായകുടിക്കാന്‍ എത്തിയ സമയത്ത് താന്‍ രേഖാ ചിത്രം കണ്ടിരുന്നില്ലെന്നും അതിനാല്‍ അപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും കടയുടമ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികൾ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. സംഭവസമയം മുതൽ കുട്ടിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് 20 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.