ഓണ്‍ലൈന്‍ വിദ്യാഭ്യാസം : പരാതികള്‍ക്ക് അടിയന്തിര പരിഹാരം; വാഴൂര്‍ സോമന്‍ എംഎല്‍എ
കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷവും പഠനം ഓണ്‍ലൈനായതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ തടസങ്ങള്‍ പരിഹരിക്കുന്നതിനായി പീരുമേട് മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രധാനാദ്ധ്യാപകരെയും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് പീരുമേട് എം ല്‍ എ വാഴൂര്‍ സോമന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം സംഘടിപ്പിച്ചു. എസ് ആര്‍ ജി (School Reosurce Group), പി ടി എ , എസ് എം സി (School Management Committee) യോഗം കൂടിയതിന് ശേഷം ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കമ്മിറ്റി രൂപീകരിച്ചു കൃത്യമായി കുട്ടികളുടെ എണ്ണം പരിശോധിക്കുകയും ക്ലാസ് ടീച്ചര്‍ അവരുടെ വീടുകളില്‍ നേരിട്ടെത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യാനും എംഎല്‍എ ആവശ്യപ്പെട്ടു.
സ്‌കൂള്‍തലത്തില്‍ ഓണ്‍ലൈന്‍ പഠന സാമഗ്രികളില്ലാത്ത അര്‍ഹരായ കുട്ടികളുടെ എണ്ണം എടുക്കുക. സ്‌കൂള്‍തലത്തില്‍ തന്നെ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ എത്തിക്കാന്‍ ശ്രമിക്കുക. പത്താം ക്ലാസ്സ്, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ വിവരം പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം; ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി പഠന സൗകര്യം ഓരുക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കാനും എംഎല്‍എ പ്രഥമാഥ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കും. അതിനായി എല്ലാ അദ്ധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സഹകരണവും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.
പീരുമേട് നിയോജകമണ്ഡലത്തിലെ 86 സ്‌കൂളുകളിലെ പ്രഥമ അധ്യാപകര്‍ യോഗത്തില്‍ പങ്കെടുത്തു. 86 സ്‌കൂളുകളിലായി 18043 വിദ്യാര്‍ത്ഥികളാണുള്ളത്. ഇതില്‍ 17,370 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമുണ്ട്. 673 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.ഫോട്ടൊ: പീരുമേട് നിയോജക മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളെക്കുറിച്ച് വാഴൂര്‍ സോമന്‍ എം എല്‍ എ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി ഓണ്‍ലൈനായി അവലോകനം നടത്തുന്നു.