കാല്‍ നൂറ്റാണ്ടിന് ശേഷം നെടുങ്കണ്ടം മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങും കാണാത്ത വീറും വാശിയും
നെടുങ്കണ്ടം: കാല്‍ നൂറ്റാണ്ടിന് ശേഷം നെടുങ്കണ്ടം മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങും കാണാത്ത വീറും വാശിയും. യു.ഡി.എഫിന്റെ കുത്തക ബാങ്കായി 25 വര്‍ഷത്തോളം ഭരിച്ചിരുന്ന ബാങ്കില്‍ കേരളാ കോണ്‍ഗ്രസ്(എം) ന്റെ മുന്നണി മാറ്റത്തെത്തുടര്‍ന്നാണ് മത്സരത്തിന് കളമൊരുങ്ങിയത്. യു.ഡി.എഫില്‍ ഉണ്ടായിരുന്ന കേരളാ കോണ്‍ഗ്രസിനായിരുന്നു പ്രസിഡന്റ് സ്ഥാനവും. മുമ്പുണ്ടായിരുന്ന ഭരണസമിതിയില്‍ ഏഴ് സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനും അഞ്ച് സീറ്റുകള്‍ കോണ്‍ഗ്രസിനും ഒരു സീറ്റ് മുസ്ലിം ലീഗിനുമാണ് ഉണ്ടായിരുന്നത്. 30,500 മെമ്പര്‍മാരാണ് മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്കിലുള്ളത്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളും ദേവികുളം നിയോജക മണ്ഡലത്തിലെ ചിന്നക്കനാല്‍, ബൈസണ്‍വാലി പഞ്ചായത്തുകളും പീരുമേട് നിയോജക മണ്ഡലത്തിലെ ചക്കുപള്ളവും ഉള്‍പ്പടെ 13 പഞ്ചായത്തുകളാണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധി. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം വിശ്രമമില്ലാത്ത ജോലിയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. സഹകരണ സംരക്ഷണ മുന്നണി ബാനറിലാണ് എല്‍.ഡി.എഫ് മത്സരരംഗത്തുള്ളത്. ഈ മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് എട്ട് സീറ്റിലും സി.പി.എം നാല് സീറ്റിലും സി.പി.ഐ ഒരു സീറ്റിലും മത്സരിക്കും. യു.ഡി.എഫില്‍ 10 സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ കേരളാ കോണ്‍ഗ്രസ്(ജെ)യും ഒരു സീറ്റില്‍ മുസ്ലിം ലീഗും ജനവിധി തേടും. കാലങ്ങളായുള്ള കേരളാ കോണ്‍ഗ്രസ് വോട്ടുകളും സി.പി.എം, സി.പി.ഐ വോട്ടുകളും കൊണ്ട് തങ്ങള്‍ക്ക് അനായാസ വിജയം ഉണ്ടാകുമെന്നാണ് സഹകരണ സംരക്ഷണ മുന്നണിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കേരളാ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കോണ്‍ഗ്രസിനും മറ്റ് ഘടകകക്ഷികള്‍ക്കും കൂടി ഉണ്ടെന്നും ബാങ്ക് പിടിച്ചെടുക്കുമെന്നുമാണ് യു.ഡി.എഫ് പറയുന്നത്. കനത്ത മത്സരം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബാങ്ക് പ്രസിഡന്റ് ജോസ് പാലത്തിനാലിനെ കൂടാതെ സി.പി.എമ്മിന്റെ മൂന്ന് ഏരിയാ സെക്രട്ടറിമാരും മത്സരിക്കുന്നുണ്ട്. കെ.പി.സി.സി സെക്രട്ടറിയും ഡി.സി.സി ജന. സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ഉള്‍പ്പടെ പ്രമുഖരാണ് മറുപക്ഷത്തുള്ളത്. നാളെ(ഞായര്‍) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെ നെടുങ്കണ്ടം ഗവ. ഹൈസ്‌കുളിലാണ് പോളിംഗ് നടക്കുന്നത്. രാത്രി ഏഴോടെ ഫലപ്രഖ്യാപനവും നടക്കും.