തൃശൂർ സ്കൂളിൽ വെടിവെയ്പ് നടത്തിയ യുവാവ് ലഹരിക്കടിമയെന്ന് പൊലീസ്


തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ് നടത്തിയ യുവാവ് ലഹരിക്കടിമയെന്ന് പൊലീസ്. പൂർവ വിദ്യാർത്ഥിയാണ് സ്കൂളിൽ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗൻ ആണ് തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. എല്ലാ ക്ലാസിലും തോക്കുമായി പോയി ജഗൻ ഭീഷണിപ്പെടുത്തിയെന്ന് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
ക്ലാസ് റൂമിൽ കയറി ജഗൻ മുകളിലേക്കാണ് വെടിവെച്ചത്. തോക്കുമായെത്തി സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തൃശൂർ ഈസ്റ്റ് പോലീസ് ജഗനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. വെടിയുതിർത്ത ശേഷം ഓടുന്നതിനിടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
എയർ പിസ്റ്റളല്ലെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു. തോക്കിന്റെ ലൈസൻസ് ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്ന് കളക്ടർ പറഞ്ഞു. പൂർവ വിദ്യാർഥിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസ് റൂമുകളിൽ കയറിയിറങ്ങിയതെന്ന് അധ്യപകർ പറഞ്ഞു. വെടിവെച്ച ശേഷം സ്കൂളിന്റെ ഒന്നാം നിലയിൽ നിന്ന് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പഠനം പാതി വഴിയിൽ നിർത്തിയ ആളാണ് ജഗനെന്നും പ്രിൻസിപ്പൽ അറിയിച്ചു.