സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന ഏലക്കാ സ്‌പൈസസ് ബോർഡിന്റെ ഓൺലൈൻ ലേലത്തിൽ വിറ്റഴിഞ്ഞാലും ഉടൻതന്നെ പണം കിട്ടണമെങ്കിൽ കർഷകർ പലിശ നൽകണം
അല്ലെങ്കിൽ പണം ലഭിക്കാൻ 15 മുതൽ 21 ദിവസം വരെ കാലതാമസം ഉണ്ടാകും. വർഷങ്ങളായി തുടരുന്ന ഈ സമ്പ്രദായം ഉൾപ്പെടെ ഏലം മേഖലയിൽ ഒട്ടേറെ ചൂഷണങ്ങൾക്കാണ് കർഷകർ വിധേയരാകുന്നത്.
വിറ്റഴിക്കുന്ന ഉൽപ്പന്നത്തിന് ഉടൻ പണം വേണമെങ്കിൽ കർഷകരിൽ നിന്ന് പല കമ്പനികളും പല നിരക്കിലാണ് പലിശ ഈടാക്കുന്നത്. ശരാശരി 1000 രൂപയ്ക്ക് ദിവസം 65 പൈസ എന്ന നിരക്കിലാണ് പലിശ ഈടാക്കുന്നതെന്നാണ് വിവരം. ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കർഷകർക്ക് പലിശയ്ക്ക് പണം ലഭ്യമാക്കുന്നത്. കൂടാതെ ചില സ്വകാര്യ വ്യക്തികളിൽ നിന്നും പണം പലിശയ്ക്ക് ലഭ്യമാക്കുന്നതായി സൂചനയുണ്ട്. വ്യക്തികളിൽ നിന്നു വാങ്ങുന്ന തുകയ്ക്കാണ് പലിശ കൂടുതൽ. പലിശ കൊടുക്കാൻ തയാറായാലും ചില കമ്പനികൾ പണം നൽകാൻ 3 ദിവസം വരെ കാലതാമസം വരുത്താറുണ്ടെന്നും ആക്ഷേപമുണ്ട്. പണം പൂർണമായി കർഷകന്റെ അക്കൗണ്ടിലേക്ക് അയച്ചശേഷം ചിലർ പലിശ പണമായി നേരിട്ടാണ് വാങ്ങുന്നതെന്ന് കർഷകർ പറയുന്നു. പണത്തിന് അത്യാവശ്യമുള്ളതിനാൽ മറ്റ് നിർവാഹമില്ലാതെയാണ് ഭൂരിപക്ഷം കർഷകരും ഈ പലിശ ഇടപാടുമായി സഹകരിക്കാൻ നിർബന്ധിതരാകുന്നത്.
പുറ്റടിയിലും ബോഡിനായ്ക്കന്നൂരിലും ഒരേസമയം ഓൺലൈനായി ലേലം നടക്കുന്നതിനാൽ രണ്ടിടങ്ങളിലും വ്യാപാരികൾക്ക് സാംപിൾ നൽകാനായി ഒന്നരക്കിലോ വീതം ആകെ മൂന്നുകിലോ ഏലക്കായാണ് സാംപിളായി കർഷകരുടെ ഉൽപ്പന്നത്തിൽ നിന്നെടുക്കുന്നത്. തുടർന്ന് സാംപിളായി എടുത്ത ഏലക്കായുടെ 2 കിലോ 800 ഗ്രാമിന്റെ തുക കർഷകർക്ക് നൽകാറുണ്ട്. കൂടാതെ ഉൽപ്പന്നം വിറ്റ് കർഷകർക്കു ലഭിക്കുന്ന തുകയുടെ ഒരുശതമാസം തുക കമ്പനികൾ ലേല കമ്മിഷനായും ഈടാക്കാറുണ്ട്. ഈ തുകയുടെ നികുതിയും ചിലർ കർഷകരിൽ നിന്ന് ഈടാക്കുന്നതായി സൂചനയുണ്ട്.
ഇതിനൊപ്പം കയറ്റിറക്കിന്റെ പേരിലും കർഷകർക്ക് വൻതുക നഷ്ടമാകുന്നു. വിറ്റഴിക്കാനായി ലേല ഏജൻസിയിൽ എത്തിക്കുന്ന ഏലക്കാ വാഹനത്തിൽ നിന്ന് ഇറക്കാൻ വണ്ടൻമേട് മേഖലയിൽ 50 കിലോയുടെ ഒരു ചാക്കിന് 30 രൂപയാണ് നൽകേണ്ടി വരുന്നത്. 25 രൂപയായിരുന്ന തുക അടുത്തിടെയാണ് 30 ആക്കി വർധിപ്പിച്ചത്.