തമിഴകത്തും വ്യാജ മാധ്യമ പ്രവർത്തകരുടെ ശല്യം; കർശന നടപടികളുമായി തേനി ജില്ലാ ഭരണകൂടം
തേനി:വ്യാജ മാധ്യമ പ്രവർത്തകരെ നേരിടാൻ ശക്തമായ നടപടികളുമായി തേനി ജില്ലാ ഭരണകൂടം.അനധികൃതമായി പ്രസ് സ്റ്റിക്കർ പതിച്ച വാഹനങ്ങളിൽ ചുറ്റി നടന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ജില്ലാ കലക്ടറുടെ യാം,പൊലീസ് സൂപ്രണ്ട് എന്നിവരുടെ ഓഫീസിൽ പരാതി നൽകാൻ സംവിധാനമൊരുക്കിയതായി ജില്ലാ കലക്ടർ ആർ.വി. ഷാജിവന പറഞ്ഞു.
മാധ്യമപ്രവർത്തകരെന്ന പേരിൽ ജില്ലയിൽ ചില മാധ്യമ പ്രവർത്തകർ ചമഞ്ഞ് സർക്കാർ ഉദ്യോഗസ്ഥർ, വാണിജ്യ സ്ഥാപനങ്ങൾ, ന്യായവില കടകൾ, ക്വാറി ഉടമകൾ, വ്യാപാരികൾ, സ്വകാര്യ വ്യക്തികൾ എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും പരാതികളുണ്ട്.
കൂടാതെ മാധ്യമപ്രവർത്തകരെന്ന പേരിൽ ചിലർ വ്യാജ തിരിച്ചറിയൽ കാർഡ് കൈവശം വച്ച് വാഹനങ്ങളിൽ ‘ പ്രസ്’ എന്ന അനധികൃത സ്റ്റിക്കറുകൾ പതിച്ച് തട്ടിപ്പ് നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വാട്സാപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകൾ സൃഷ്ടിച്ചാണ് പലരും മാധ്യമ പ്രവർത്തകരായി നടക്കുന്നത്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും. വ്യക്തമായ തെളിവുകൾ സഹിതം ജില്ലാ കളക്ടറുടെ ഓഫീസ് മൊബൈൽ നമ്പർ: 94980 42443, ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് മൊബൈൽ നമ്പർ: 94981 01570 വഴി പരാതി നൽകാം.
പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.