‘മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്ര, നാടുകാണാൻ ഇറങ്ങുന്നത് പാർലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്’; രമേശ് ചെന്നിത്തല
നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല.
നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട്, ഇതൊന്നും കൊണ്ടും കേരളത്തിൽ പാർലമെൻറിൽ എൽഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാൻ പോകുന്നില്ല. പാർലമെൻറ് തെരഞ്ഞെടുപ്പ് വരുന്നു എന്ന് കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നാടുകാണാൻ ഇറങ്ങിയത്. 20 20 സീറ്റും യുഡിഎഫ് നേടും.
5000 രൂപ ബില്ല് പോലും ട്രഷറിയിൽ മാറാൻ കഴിയാത്ത സാഹചര്യത്തിൽ നാടുമുഴുവൻ നടന്ന നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യമെന്നും അദ്ദേഹം പരിഹസിച്ചു.
അഞ്ചുമാസത്തെ പെൻഷൻ കുടിശികയാണ്, കേരളത്തിൽ ഒരു വികസനവും നടക്കാത്ത അവസ്ഥ. ഉല്ലാസയാത്രയാണ് ഇപ്പോൾ കേരളത്തിൽ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. പി ആർ ഏജൻസിയുടെ നിർദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്രയും കാലം ജനങ്ങളെ കാണാത്ത മുഖ്യമന്ത്രി ഇപ്പോൾ ഇറങ്ങിയത് എല്ലാവർക്കും മനസ്സിലാകും. രാഹുൽഗാന്ധി കണ്ടെയ്നർ യാത്ര നടത്തി എന്ന് പറഞ്ഞ് അധിക്ഷേപിച്ചവരാണ് പഞ്ചനക്ഷത്ര ആഡംബര ബസ് യാത്ര നടത്തുന്നത്.പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണിതെന്നും ചെന്നിത്തല പ്രതികരിച്ചു.
ഈ യാത്ര കൊണ്ട് ഒരു പ്രയോജനവും ജനങ്ങൾക്കുണ്ടാകുന്നില്ല. ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും തദ്ദേശസ്ഥാപനങ്ങളുടെ പണം പിഴിഞ്ഞെടുക്കുന്ന നടപടി ജനദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്.
വൈകിട്ട് 3.30ന് കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. യുഡിഎഫ് നവകേരളസദസ്സ് ബഹിഷ്കരിക്കുകയാണ്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് ബസ് കാസർഗോഡ് ജില്ലയിൽ പ്രവേശിച്ചത്.