പണി തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട്, മുടക്കിയത് 60 ലക്ഷം: എങ്ങുമെത്താതെ ശാന്തൻപാറ ബസ് സ്റ്റാൻഡ്
രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്താനുമതി ലഭിക്കാതെ ശാന്തൻപാറ ബസ് സ്‌റ്റാൻഡ്. പഞ്ചായത്തിന്‍റെ ആസ്‌തി വികസന ഫണ്ട്, എംഎല്‍എ, എംപി ഫണ്ട് എന്നിവ ഉള്‍പ്പെടെ 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ബസ് സ്റ്റാൻഡ് നിര്‍മിച്ചത്.
ഇടുക്കി : തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം കിട്ടുന്നതെന്താണെന്ന് ചോദിച്ചാല്‍ ഇടുക്കി ജില്ലിയിലെ ശാന്തൻപാറക്കാര്‍ പറയും അത് വാഗ്‌ദാനങ്ങളാണെന്ന്… കാരണം അതിനൊരു മികച്ച ഉദാഹരണം അവരുടെ കണ്‍മുന്നിലുണ്ട്. ശാന്തൻപാറ ബസ് സ്റ്റാൻഡ് (Santhanpara Bus stand). രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുൻപാണ് പൂപ്പാറ- കുമളി സംസ്ഥാനപാതയോട് ചേര്‍ന്ന് ശാന്തൻപാറയില്‍ സ്ഥലം ഏറ്റെടുത്ത് ബസ് സ്റ്റാൻഡ് നിര്‍മ്മാണം ആരംഭിച്ചത്.
പഞ്ചായത്തിന്‍റെ ആസ്‌തി വികസന ഫണ്ട്, എംഎല്‍എ, എംപി ഫണ്ട് എന്നിവ ഉള്‍പ്പെടെ 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ബസ് സ്റ്റാൻഡ് നിര്‍മിച്ചത്. കംഫര്‍ട്ട് സ്റ്റേഷനും കട മുറികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. ഇത്രയും റെഡിയായപ്പോള്‍ വൈദ്യുത കണക്ഷൻ മാത്രം കിട്ടിയില്ല. അതിന് പിന്നാലെ ഗതാഗത വകുപ്പിന്‍റെ അനുമതി കൂടി കിട്ടാതായതോടെ സ്റ്റാൻഡ് എന്നത് ഒരു പേര് മാത്രമായി.
ഒടുവില്‍ പഞ്ചായത്ത് ഭരണസമിതി ആര്‍ടിഒയ്‌ക്ക് കത്ത് നല്‍കി. ബസ് സ്റ്റാൻഡില്‍ ഷെല്‍ട്ടറും സൂചന സംവിധാനങ്ങളും ഒരുക്കിയാല്‍ അനുമതി നല്‍കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇതിനിടെ കത്തുകള്‍ പലതും ആര്‍ടിഒയ്‌ക്കും ജനപ്രതിനിധികള്‍ക്കും കൊടുത്തു. കാര്യമൊന്നുമുണ്ടായില്ല.
ശാന്തൻപാറയില്‍ ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാല്‍ ബസുകള്‍ക്ക് തോന്നിയപോലെയാണ് സ്റ്റോപ്പുള്ളത്. ഇവിടെ യാത്ര അവസാനിപ്പിക്കുന്ന ബസുകളും റോഡില്‍ പല ഭാഗത്തായാണ് നിര്‍ത്തുന്നത്. ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് പോയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാറില്‍ ചീറിപ്പായുമ്ബോള്‍ ജനം പെരുവഴിയില്‍ തന്നെ…