മുട്ടത്ത് കുടുംബകോടതിക്ക് ആധുനിക മന്ദിരം യാഥാര്‍ഥ്യമാകുന്നു
തൊടുപുഴ: മുട്ടം ജില്ലാ കോടതിക്കു സമീപം കുടുംബ കോടതിയുടെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നു.അടുത്ത മാസത്തോടെ കുടുംബ കോടതി നിലവില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ സിവില്‍ സ്റ്റേഷനില്‍നിന്നു മുട്ടത്തേക്കു മാറ്റാനാണ് ലക്ഷ്യമിടുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ഈ ആഴ്ച അവസാനത്തോടെ പൂര്‍ത്തിയാകുന്ന രീതിയിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. കെട്ടിടത്തോടനുബന്ധിച്ചുള്ള അവസാനഘട്ട ജോലികളും ഉടൻ ആരംഭിക്കും.
പുതിയ കെട്ടിട നിര്‍മാണത്തിനായി 2018 ജൂലൈ 31നാണ് 6.50 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭിച്ചത്. 2020 ഒക്ടോബര്‍ 18നു സാങ്കേതികാനുമതിയും ലഭിച്ചു. 2739 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയം മൂന്നു നിലകളിലായാണ് രൂപകല്പന ചെയ്തിട്ടുള്ളത്. 2021 സെപ്റ്റംബറില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സുനില്‍ തോമസാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണം നടത്തുന്നത്. 2005 ജനുവരി 28നാണ് തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ കുടുംബ കോടതി പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടെ പരിമിതമായ സൗകര്യത്തിലാണ് നിലവില്‍ കുടുംബ കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിയില്‍ എത്തുന്നവര്‍ കോടതിക്കു മുന്നിലുള്ള വരാന്തയിലാണ് കൂട്ടംകൂടി നില്‍ക്കുന്നത്. സബ് ട്രഷറിയും മറ്റ് ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നതിനാല്‍ പലപ്പോഴും വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്. ഇതിനു പുറമേ അഭിഭാഷകര്‍ക്ക് ഇവിടെ ഹാജരായശേഷം മുട്ടത്തെ കോടതിയില്‍ എത്തേണ്ടി വരും. അതിനാല്‍ കോടതി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് അഭിഭാഷകര്‍ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. താഴത്തെ നിലയില്‍ വിശാലമായ പാര്‍ക്കിംഗ് ഏരിയ, ഇലക്‌ട്രിക്കല്‍ വിഭാഗം, ഡ്രൈവര്‍മാര്‍ക്ക് വിശ്രമ മുറി, ജനറേറ്റര്‍ സെക്‌ഷൻ, ഗ്രൗണ്ട് ഫ്ളോറില്‍ കോര്‍ട്ട് ഹാള്‍, ചേംബര്‍ ഹാള്‍, ശിരസ്തദാര്‍ റൂം, പോലീസ് ഡ്യൂട്ടി റൂം, മീഡിയേഷൻ ഹാള്‍, ലൈബ്രറി, കാത്തിരിപ്പ് കേന്ദ്രം, വിസ്താര സെക്‌ഷൻ, സ്ത്രീകള്‍ക്കുള്ള വിശ്രമകേന്ദ്രം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാം നിലയില്‍ ടൈപ്പിംഗ് പൂള്‍, വിസ്താര സെക്‌ഷൻ, ടോയ്‌ലറ്റുകള്‍, റാന്പ്, ലിഫ്റ്റ്, കോണ്‍ഫറൻസ് ഹാള്‍, കൗണ്‍സിലിംഗ് സെക്‌ഷൻ, പുരുഷൻമാര്‍ക്കും സ്ത്രീകള്‍ക്കും വിശ്രമമുറികള്‍, തൊണ്ടിമുറി, സീലേഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.