ആനയിറങ്കല്‍ ഡാമില്‍ നിക്ഷേപിച്ച മീൻകുഞ്ഞുങ്ങള്‍ ചത്തു പൊങ്ങി
രാജകുമാരി: ആനയിറങ്കല്‍ ജലാശയത്തില്‍ കഴിഞ്ഞ ദിവസം നിക്ഷേപിച്ച ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തു പൊങ്ങി. സംസ്ഥാന സര്‍ക്കാരും ഫിഷറീസ് വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന കേരള റിസര്‍വോയര്‍ ഫിഷറീസ് ഡെവലപ്മെന്‍റ് പദ്ധതി പ്രകാരം നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങളാണ് ചത്തു പൊങ്ങിയത്. ജലാശയ തീരത്ത് അടിഞ്ഞ മത്സ്യക്കുഞ്ഞുങ്ങള്‍ അഴുകി ദുര്‍ഗന്ധം വമിക്കുന്നത് വിനോദസഞ്ചാരത്തിനും പ്രതിസന്ധിയായി.
ജലാശയങ്ങളിലെ മത്സ്യസമ്ബത്ത് വര്‍ധിപ്പിക്കുക, മത്സ്യലഭ്യത ഉറപ്പുവരുത്തുക, ജലാശങ്ങളെ ആശ്രയിച്ചു കഴിയുന്ന ആദിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജില്ലയിലെ ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ജില്ലയിലെ മാട്ടുപ്പെട്ടി, ആനയിറങ്കല്‍, പൊന്മുടി, ഇരട്ടയാര്‍ ജലാശയങ്ങളിലാണ് ഈ വര്‍ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. മലയോരമേഖലയിലെ ജലാശയങ്ങളില്‍ അതിവേഗം വളരുന്ന കാര്‍പ്പ്, കട്ടള, റോഹു, മൃഗാല്‍, ഗോള്‍ഡ് ഫിഷ് തുടങ്ങിയവയെയാണ് നിക്ഷേപിച്ചത്. ഇവയെല്ലാമാണ് നിക്ഷേപിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തു പൊങ്ങിയത്.
പാലക്കാട് സര്‍ക്കാര്‍ ഫാമില്‍നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചത്.ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്ബോള്‍ സാധാരണ ഇരുപതു ശതമാനത്തോളം നഷ്‌ടപ്പെടുമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.