തെളിയാത്ത വഴിവിളക്കുകള്‍ക്ക് ലക്ഷങ്ങള്‍ വൈദ്യുത ചാര്‍ജ്. കുമളി പഞ്ചായത്ത് പ്രതിമാസം പണം വെറുതെ നല്‍കുന്നു
കുമളി: വഴിവിളക്കുകള്‍ കണ്ണടച്ചിട്ട് വര്‍ഷങ്ങളായെങ്കിലും വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കുമളി പഞ്ചായത്ത് ഓരോ മാസവും ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. നാട്ടുകാര്‍ക്ക് വെളിച്ചം കിട്ടുന്നില്ലെങ്കിലും കെ.എസ്.ഇ.ബിയ്ക്ക് ഒരു ലക്ഷത്തോളം രൂപ പ്രതിമാസം പഞ്ചായത്ത് അടയ്ക്കുന്നുണ്ട്. ഇതില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് സ്ഥാപിച്ചതും നശിച്ചു പോയതുമായ ഹൈമാസ് ലൈറ്റുകള്‍ വരെ ഉള്‍പ്പെടും. പഞ്ചായത്തിനെന്ന പോലെ കെ.എസ്.ഇ.ബിയ്ക്കും ഈ ലൈറ്റുകള്‍ ഇപ്പോള്‍ എവിടെയാണുള്ളതെന്നറിയില്ല. പഞ്ചായത്ത് അന്വേഷിച്ചില്ലെങ്കിലും കെ.എസ്.ഇ.ബി അധികൃതര്‍ ഇപ്പോള്‍ വഴിവിളക്കുകള്‍ക്ക് നല്‍കിയിരിക്കുന്ന മീറ്ററുകള്‍ അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ട്. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് പഞ്ചായത്ത് പണം അടയ്ക്കുന്ന വഴിവിളക്കുകളുടെ മീറ്ററുകള്‍ പലതും അഞ്ച് വര്‍ഷത്തോളമായി ഒരു യൂണിറ്റ് പോലും ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. നിശ്ചിത തുക എല്ലാ മാസവും പഞ്ചായത്ത് അടയ്ക്കുകയാണ് ചെയ്യുന്നത്. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി ആയിരത്തില്‍പരം തനിയെ പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി ലൈറ്റുകള്‍ ഉള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഇതിന്റെ പകുതി പോലും വഴി വിളക്കുകള്‍ കണ്ടെത്താനായില്ല. കെ.എസ്.ഇ.ബിയില്‍ വഴിവിളക്കിനായി പണം അടയ്ക്കുന്ന പഞ്ചായത്ത് അധികൃതര്‍ അടയ്ക്കുന്ന പണത്തിനുള്ള കണക്ഷൻ ഉണ്ടോ എന്ന് ഇതുവരെയും അന്വേഷിച്ചിട്ടില്ലെന്നതാണ് വിചിത്രമായ വസ്തുത. ഇത്തരത്തില്‍ എല്ലാ മാസവും ലക്ഷങ്ങളാണ് പഞ്ചായത്ത് വൈദ്യുതി ചാര്‍ജ്ജനത്തില്‍ പാഴാക്കുന്നത്. വര്‍ഷങ്ങളായി തകരാറിലായ വഴി വിളക്കുകള്‍ നന്നാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാകാത്തതിനാല്‍ പലതും നശിച്ചു തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തില്‍ നിന്നും കരാര്‍ നേടി വഴിവിളക്കുകള്‍ സ്ഥാപിച്ച സ്വകാര്യ കമ്ബനി പരിപാലനം നടത്താതെ തടിതപ്പുകയായിരുന്നു. വഴി വിളക്കുകള്‍ സ്ഥാപിച്ച് തകരാര്‍ പരിഹരിച്ചു കൊള്ളാമെന്ന വ്യവസ്ഥ പാലിക്കാതെ മുങ്ങിയ ഇവര്‍ക്കെതിരെ യാതൊരു നിയമ നടപടികളും ഇതുവരേയും സ്വീകരിച്ചിട്ടില്ല. കുമളി പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ തെളിയാതായതോടെ പ്രധാന റോഡുകള്‍ക്കൊപ്പം ഇടവഴികളും ഇരുട്ടിലായി.