കോൺഗ്രസ്സ് വിലക്ക് ലംഘിച്ച് മണിശങ്കർ അയ്യർ; കേരളീയം പരിപാടിക്കെത്തി
തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ പാർട്ടി വിലക്ക് ലംഘിച്ച് സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിക്കെത്തി. കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറില്‍ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. കേരളീയത്തിൽ പങ്കെടുക്കരുത് എന്ന് കോൺഗ്രസ് നേതൃത്വം മണിശങ്കർ അയ്യരോട് ആവശ്യപ്പെട്ടിരുന്നു.രാഷ്ട്രീയപരമായി അല്ല സെമിനാറിൽ പങ്കെടുക്കുന്നത് എന്നാണ് മണിശങ്കർ അയ്യർ മാധ്യമങ്ങളോട് പ്രതികരിച്ചത്. പഞ്ചായത്തീരാജ് എന്നത് രാജീവ് ഗാന്ധിയുടെ ആശയം ആണ്. അദ്ദേഹത്തിന് ആദരമർപ്പിക്കലാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെ താൻ ലക്ഷ്യമിടുന്നത്. പാർട്ടി മനസ്സിലാക്കുമെന്നും തന്നെ പുറത്താക്കില്ലെന്നും കരുതുന്നു. അതിദാരിദ്ര്യം തുടച്ച് നീക്കലാണ് പഞ്ചായത്തീരാജിന്റെ അടിസ്ഥാന ആശയം. പഞ്ചായത്തീരാജിന്റെ വിജയം കേരളത്തിലെ ജനങ്ങളുടേതാണ്. അതൊരിക്കലും ഈ സർക്കാരിന്റെ നേട്ടം അല്ല എന്നും മണിശങ്കർ അയ്യർ പറഞ്ഞു.