ഇടുക്കിയിൽ 5600 ലേറെ കുരുന്നുകൾ ഇന്ന് ആദ്യ പാഠത്തിലേക്ക്


കോവിഡ് പ്രതിസന്ധിയെ മറികടന്ന് പൊതുവിദ്യാഭ്യാസ മേഖലയിൽ ഈ വർഷത്തെ ആദ്യ ബാല പഠനത്തിന് ഇന്നു തുടക്കം.
ഇടുക്കി ജില്ലയിലെ സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിൽപ്പെടുന്ന 425 സ്കൂളുകളിലായി 5650 കുരുന്നുകൾ ഇന്ന് ഓൺലൈനിൽ ഒന്നാം ക്ലാസിലെത്തും.
ജില്ലയിലെ സ്കൂളുകളിൽ പൂർണമായും കോവിഡ് ചട്ടങ്ങൾ പാലിച്ചു സംഘടിപ്പിക്കുന്ന ചടങ്ങിൽ കുട്ടികൾ, രക്ഷിതാക്കൾ ,അധ്യാപകർ, മറ്റ ജീവനക്കാർ ഉൾപ്പെടെ 20 പേർ മാത്രമേ പാടുള്ളൂവെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ മറയൂർ ഗവ. എൽ പി സ്കൂളിലും (70) എയ്ഡഡ് വിഭാഗത്തിൽ കൂടുതൽ കുട്ടികൾ വാളാർഡി സെൻ്റ് മാത്യൂസ് എൽ പി സ്കൂളി (81) ലുമാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനെത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ.എ. ബിനുമോൻ പറഞ്ഞു.
ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം എൽ എ മാർ , ജില്ലാ കളക്ടർ എച്ച് ദിനേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ്, മറ്റ് ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ രാവിലെ 11മുതൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കും. പങ്കെടുക്കുന്ന കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്യും. സ്കുളുകളിൽ ഭക്ഷ്യക്കിറ്റ്, യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ട്രൈബൽ മേഖലയിലെ സ്കൂളുകളിലെ കുട്ടികൾക്കും ഇവ എത്തിച്ചു കൊടുക്കുന്നുണ്ടെന്നു ജില്ലാ കോ ഓർഡിനേറ്റർ പറഞ്ഞു.