യുപിയിൽ ദളിത് യുവതിയെ പീഡിപ്പിച്ചു കൊന്നു, മൃതദേഹം കഷണങ്ങളാക്കി; പ്രതികൾക്കായി തെരച്ചിൽ
ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം. ഓലുവിലുള്ള പ്രതികൾക്കായി ഗിർവാൻ പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ഗിർവാൻ പൊലീസ് ഇൻസ്പെക്ടർ സന്ദീപ് തിവാരി പറഞ്ഞു. സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ താമസിക്കുന്ന 40 കാരിയായ സ്ത്രീ രാജ്കുമാർ ശുക്ല എന്ന വ്യക്തിയുടെ മില്ലിൽ ശുചീകരണ ജോലിക്കായി പോയിരുന്നു. അൽപ്പം കഴിഞ്ഞ് യുവതിയുടെ 20 വയസ്സുള്ള മകൾ അവിടെയെത്തുകയും അമ്മയുടെ നിലവിളി കേട്ട് മില്ലിന്റെ വാതിലിൽ മുട്ടാനും തുടങ്ങി.
വാതിൽ തുറന്നപ്പോൾ മൂന്ന് കഷണങ്ങളായി കിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ട മകൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ രാജ്കുമാർ ശുക്ല, സഹോദരൻ ബൗവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവർക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും എസ്എച്ച്ഒ അറിയിച്ചു.
പ്രതികൾ ഒളിവിലാണെന്നും കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സന്ദീപ് തിവാരി പറഞ്ഞു. അതേസമയം സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ബന്ദയിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാർത്ത ഹൃദയഭേദകമാണ്. ഉത്തർപ്രദേശിലെ സ്ത്രീകൾക്ക് ഭയവും ദേഷ്യവുമുണ്ടെന്ന് യാദവ് ട്വീറ്റ് ചെയ്തു.