ജില്ലയിലെ ജലാശയങ്ങള്‍ കണ്ണീര്‍ക്കയമാകുന്നു
തൊടുപുഴ: ജില്ലയില്‍ ജലാശയങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കു ബോധവത്കരണവും സുരക്ഷാ മുൻകരുതല്‍ നടപടികളും സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മനോഹരമായ ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും ഉള്ളതിനാല്‍ ഇതിന്‍റെ ഭംഗി നുകരാൻ ഒട്ടേറെ വിനോദസഞ്ചാരികളാണ് സംസ്ഥാനത്തിനകത്തും പുറത്തുനിന്നും എത്തുന്നത്. എന്നാല്‍, ഇവിടെ പതിയിരിക്കുന്ന കെണികള്‍ മനസിലാക്കാതെയാണ് പലരും അപകടത്തില്‍പ്പെടുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു പേരുടെ ജീവനാണ് ജില്ലയിലെ ജലാശയങ്ങളില്‍ നഷ്ടമായത്. ചൊവ്വാഴ്ച തൊടുപുഴയ്ക്കു സമീപം കാളിയാര്‍ മുള്ളൻകുത്തിയിലെ ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ നാലു യുവാക്കളില്‍ ഒരാള്‍ മുങ്ങിമരിച്ചു. വണ്ണപ്പുറം ഒടിയപാറ സ്വദേശി ഹരികൃഷ്ണൻ (20) ആണ് ഇതേ ദിവസംതന്നെ കല്ലന്പലം സ്വദേശിയായ നിബിനെ (20) കൊച്ചുകരിന്തരുവി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ബുധനാഴ്ചയാണ് നിബിന്‍റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ജലാശയങ്ങളും ഡാമുകളും പാറക്കുളങ്ങളും പടുതാക്കുളങ്ങളും മരണക്കയങ്ങളായി മാറുന്പോഴും വേണ്ടത്ര ജാഗ്രത അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തദ്ദേശിയര്‍ക്കു പുറമേ ബന്ധുവീടുകളിലെത്തുന്നവരും വിനോദസഞ്ചാരികളുമാണ് സാധാരണ അപകടങ്ങളില്‍പ്പെടുന്നത്. നീന്തല്‍ വശമില്ലാതിരുന്നിട്ടും പുഴകളിലും ജലാശയങ്ങളിലും കുളിക്കാൻ ഇറങ്ങി മരണത്തെ ക്ഷണിച്ചുവരുത്തുന്നവര്‍ ഏറെയാണ്. എന്നാല്‍, പല അപകടമേഖലകളിലും മതിയായ സൂചനാബോര്‍ഡുകളോ മറ്റു മുന്നറിയിപ്പ് സംവിധാനങ്ങളോ സ്ഥാപിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകുന്നില്ല.
ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാൻ പ്രധാന കാരണമെന്ന് അഗ്നിരക്ഷാസേന അധികൃതര്‍ പറയുന്നു. ജലാശയങ്ങളിലും പുഴകളിലും പതിയിരിക്കുന്ന അപകടക്കെണികള്‍ തിരിച്ചറിയാതെ പോകുന്നതും പലപ്പോഴും ദുരന്തങ്ങള്‍ക്കു വഴിതെളിക്കുന്നു. കൂട്ടുകാരുമൊത്ത് കുട്ടികള്‍ പുഴയിലിറങ്ങി സാഹസികത കാട്ടുന്നതും നീന്തലറിയാത്തവര്‍ അതു മറച്ചുവച്ചു കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. വെള്ളത്തില്‍ വീണ് അപകടമുണ്ടാകുന്പോള്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതും വെല്ലുവിളിയാണ്.
സംരക്ഷണഭിത്തിയില്ലാത്ത കുളങ്ങളും കിണറുകളും മുൻവര്‍ഷങ്ങളിലും നിരവധി ജീവനുകളെ അപകടത്തിലാക്കിയിട്ടുണ്ട്. മനോഹരവും അപകടങ്ങള്‍ പതിയിരിക്കുന്നതുമായ നിരവധി ജലാശയങ്ങളാണ് ജില്ലയിലുള്ളത്. നീന്തല്‍ അറിയാവുന്നവര്‍പോലും ഇവിടെ അപകടങ്ങളില്‍പ്പെട്ട് മരിക്കുന്ന സാഹചര്യമാണുള്ളത്. കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡുകളടക്കം സ്ഥാപിച്ച് സഞ്ചാരികള്‍ക്ക് മതിയായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്.