സംസ്ഥാനത്തെ ആദ്യ സ്‌പൈസസ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി
കേരളത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് മാത്രമായുള്ള ആദ്യ വ്യവസായ പാര്‍ക്ക് ഇടുക്കിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലയിലെ ആദ്യ ആധുനിക വ്യവസായ പാര്‍ക്ക് കൂടിയാണിത്.സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയില്‍ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉല്‍പാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ടാണ് 20 ഏക്കറില്‍ ആരംഭിച്ച കിൻഫ്ര സ്പൈസസ് പാര്‍ക്ക്. മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ കിൻഫ്ര സ്പൈസസ് പാര്‍ക്കിന്റെ ആദ്യഘട്ടത്തിന് പുറമെ രണ്ടാം ഘട്ടവും വളരെ പെട്ടെന്ന് തന്നെ നിര്‍മ്മാണം തുടങ്ങുമെന്ന് വ്യക്തമാക്കി.
സ്പൈസസ് പാര്‍ക്കും അതിന്റെ രണ്ടാം ഘട്ടവും ഇടുക്കിക്ക് വലിയ മുന്നേറ്റം സാധ്യമാക്കും. ഇതിനോടകം നിരവധി സംരംഭങ്ങള്‍ പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വ്യവസായ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുന്ന കേരളത്തിനൊപ്പം ഇടുക്കിയും കുതിക്കുകയാണ്.സംരംഭകരുടെ കൂടി അഭിപ്രായം തേടുന്നതിനും പ്രശ്ങ്ങള്‍ മനസിലാക്കുന്നതിനും ഇടുക്കിയില്‍ നടത്താനിരുന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി ദിവസം യുഡിഎഫ് ഹര്‍ത്താലിനെ തുടര്‍ന്ന് നടന്നില്ല.എങ്കിലും ജില്ലയ്ക്കാവശ്യമായ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തുവരികയാണ് എന്നും മന്ത്രി കുറിച്ചു.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
കേരളത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് മാത്രമായുള്ള ആദ്യ വ്യവസായ പാര്‍ക്ക് ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ ആദ്യ ആധുനിക വ്യവസായ പാര്‍ക്ക് കൂടിയാണിത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയില്‍ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉല്‍പാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ട് 20 ഏക്കറില്‍ ആരംഭിച്ച കിൻഫ്ര സ്പൈസസ് പാര്‍ക്കിന്റെ ആദ്യഘട്ടത്തിന് പുറമെ രണ്ടാം ഘട്ടവും വളരെ പെട്ടെന്ന് നിര്‍മ്മാണം ആരംഭിക്കും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രഖ്യാപിച്ച മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി നടക്കാതിരുന്ന ഏക ജില്ലയാണ് ഇടുക്കി. സംരംഭകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും ജില്ലക്കാവശ്യമായ മാതൃകകള്‍ മനസിലാക്കുന്നതിനും സംരംഭകരുടെ കൂടി അഭിപ്രായം തേടുന്നതിനുമായി ഇടുക്കിയില്‍ പരിപാടി വച്ച ദിവസം യു.ഡി.എഫ് അവിടെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. തീര്‍ത്തും വ്യവസായ വിരുദ്ധമായ ഈ സമീപനം കോണ്‍ഗ്രസും യു.ഡി.എഫും നടത്തിയതിനെത്തുടര്‍ന്ന് മീറ്റ് ദി മിനിസ്റ്റര്‍ നടന്നില്ലെങ്കിലും ജില്ലയ്ക്കാവശ്യമായ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തുവരികയാണ്. ഇപ്പോള്‍ പൂര്‍ത്തിയായ സ്പൈസസ് പാര്‍ക്കും അതിന്റെ രണ്ടാം ഘട്ടവും ഇടുക്കിക്ക് വലിയ മുന്നേറ്റം സാധ്യമാക്കും. ഇതിനോടകം നിരവധി സംരംഭങ്ങള്‍ പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. സംരംഭകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ് തുടങ്ങിയവ ഉറപ്പുവരുത്തിക്കഴിഞ്ഞു. വ്യവസായ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുന്ന കേരളത്തിനൊപ്പം ഇടുക്കിയും കുതിക്കുകയാണ്.