രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് കൂട്ടി
രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് കൂട്ടി
രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് കൂട്ടി. നിരക്കിൽ 13 മുതൽ 16 % വരെയാണ് വർധന. ജൂൺ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ജൂൺ ഒന്ന് മുതൽ 50 ശതമാനം വിമാനങ്ങൾ മാത്രം സർവീസ് നടത്തിയാൽ മതിയെന്നും മന്ത്രാലയം നിർദേശിച്ചു.
താഴ്ന്ന വിമാന നിരക്കിൻ്റെ പരിധിയിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം വർധന വരുത്തിയത്. 40 മിനിറ്റുള്ള വിമാനയാത്രക്ക് കുറഞ്ഞ നിരക്ക് പരിധി 2,300 രൂപയിൽ നിന്ന് 2,600 രൂപയായി ഉയർത്തി. 40 മിനിറ്റിനും 60 മിനിറ്റിനും ഇടയിൽ യാത്ര ചെയ്യണമെങ്കിൽ 3300 രൂപ ഇനി നൽകണം. മുൻപ് 2900 രൂപയായിരുന്നു ഇത്. 180 മിനിറ്റുള്ള വിമാന യാത്ര ചാർജ് 7600 ൽ നിന്ന് 8700 ആയി വർധിപ്പിച്ചു. വിമാന കമ്പനികൾക്കും ക്ലാസുകൾക്കുമനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും.
ലോക്ക്ഡൗണിന് ശേഷം 2020 മെയ് 25 ന് വിമാന സർവീസുകൾ പുനരാരംഭിച്ചപ്പോഴാണ് യാത്രാ സമയ ദൈർഘ്യത്തെ അടിസ്ഥാനമാക്കി മന്ത്രാലയം ടിക്കറ്റ് നിരക്കിന് താഴ്ന്നതും ഉയർന്നതുമായ പരിധി ഏർപ്പെടുത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ ആഭ്യന്തര വിമാന നിരക്കിന്റെ താഴ്ന്നതും ഉയർന്നതുമായ പരിധി 10 മുതൽ 30% വരെ വർധിപ്പിച്ചിരുന്നു. കൊവിഡിനെ തുടർന്ന് വിമാന സർവ്വീസുകളിലുണ്ടായ നഷ്ടം കുറയ്ക്കാനാണ് നടപടി.
അതേസമയം ജൂൺ ഒന്നുമുതൽ 30 % വിമാന സർവീസുകൾ കുറക്കാനാണ് മന്ത്രാലയത്തിൻ്റെ ഉത്തരവ്. ജൂൺ 1 മുതൽ വിമാനങ്ങൾക്ക് 50 ശതമാനം മാത്രമേ സർവീസ് നടത്താനാകൂ എന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് സാഹചര്യം മൂലം യാത്രക്കാരുടെ സഞ്ചാരം കുറയുന്നു എന്നതാണ് ഇത് സമ്പന്ധിച്ച് മന്ത്രാലയത്തിന്റെ വിശദികരണം.