‘ഭീകരവാദ ബന്ധമില്ല’; നിരോധിച്ച ഉത്തരവിനെതിരേ പോപ്പുലർ ഫ്രണ്ട് സുപ്രിം കോടതിയിൽ
നിരോധിച്ച ഉത്തരവിനെതിരേ ഹർജിയുമായി പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കൾ സുപ്രിം കോടതിയിൽ. യു.എ.പി.എ ട്രിബ്യൂണലിൻ്റെ നിരോധനം അംഗികരിച്ച ഉത്തരവിനെതിരെയാണ് ഹർജി. തങ്ങൾക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വാദം. തങ്ങൾക്ക് ഒരു ഭീകരവാദ സംഘടനയുമായി ബന്ധമില്ലെന്നും ആക്ഷേപങ്ങൾക്ക് ഒരു വസ്തുതയുമില്ലെന്നും ഹർജിയിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര തീരുമാനം റദ്ദാക്കണമെന്നും ട്രിബ്യൂണലിൻ്റെ നടപടി സ്റ്റേ ചെയ്യണമെന്നുമാണ് പോപ്പുലർ ഫ്രണ്ടിന്റെ ഹർജിയിലെ ആവശ്യം.
2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും അഞ്ചുവര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി.
പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അതിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ നിരോധനമാണ് ട്രൈബ്യൂണല്‍ ശരിവെച്ചത്.