ബസ് സര്‍വീസ് നിലച്ചതോടെ കട്ടപ്പന മേട്ടുക്കുഴി നിവാസികള്‍ യാത്രാ ദുരിതത്തില്‍.
വണ്ടന്‍മേട് പഞ്ചായത്തും ചക്കുപള്ളം പഞ്ചായത്തിന്റെ അതിര്‍ത്തിയുമായ പ്രദേശത്താണ് യാത്രാ ക്ലേശം അതി രൂക്ഷമായിരിക്കുന്നത്. മുമ്പ് ഇതുവഴി കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തിയിരുന്നെങ്കിലും റോഡ് മോശമായതോടെ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് നിര്‍ത്തിയിരുന്നു. പിന്നീട് പി.ഡബ്ലി.യു.ഡി റോഡ് ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ബസ് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. നിലവില്‍ കുമളി ഡിപ്പോയില്‍ നിന്നുള്ള ഒരു കെ.എസ്.ആര്‍.ടി.സി ബസ് സമീപ പ്രദേശമായ കറുവാക്കുളം വരെ സര്‍വീസ് നടത്തുന്നുണ്ട്.
ബസ് സര്‍വീസുകള്‍ ഇല്ലാതായതോടെ ടാക്‌സി വാഹനങ്ങളെയാണ് ഇവിടുത്തെ തോട്ടം തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കേണ്ടി വരുന്നത്. കട്ടപ്പനയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രമാണ് മേട്ടുകുഴിയിലേക്കുള്ളത്. എന്നാല്‍ ടാക്‌സി വാഹനങ്ങള്‍ 200 രൂപ മുതല്‍ 400 രൂപവരെയാണ് ഈടാക്കുന്നത്. കട്ടപ്പനയില്‍ നിന്നും എളുപ്പത്തില്‍ കുമളിക്കും അതുവഴി തമിഴ്‌നാട്ടിലേക്കും പോകാമെന്നിരിക്കെ മേട്ടുകുഴി വഴി ബസ് സര്‍വീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഭീമ ഹര്‍ജി തയാറാക്കി ആര്‍.ടി.ഒയ്ക്കും കെ.എസ്.ആര്‍.ടി.സിക്കും എ.ടി.ഒക്കും നല്‍കും. തുടര്‍ നടപടി ഉണ്ടാകാത്ത പക്ഷം ബഹുജന സമരത്തിലേക്ക് കടക്കുമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരായ പ്രശാന്ത് രാജു, മായാ ബിജു, ഡി.സി.സി. മെമ്പര്‍ പി.എസ്. രാജപ്പന്‍, സി.എം. തങ്കച്ചന്‍, ജോസ് ആനക്കല്ലില്‍, പി.എസ്. ബിജു തുടങ്ങിയവര്‍ പറഞ്ഞു.