ഭദ്രാസന കലാമേള നരിയമ്പാറ സെന്റ് മേരീസ് സൺഡേ സ്കൂളിന് കിരീടം
ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന സൺഡേ സ്കൂൾ കലാമേളയിൽ 36 പള്ളികളിലെ പ്രതിഭകൾ പങ്കെടുത്തു. 29 പോയിന്റുകളുമായി നരിയമ്പാറ സെന്റ് മേരീസ് സൺഡേ സ്കൂൾ കിരീടം നേടി. നരിയമ്പാറ സെന്റ് മേരീസ് സൺഡേ സ്കൂൾ തുടർച്ചയായ മൂന്നാം കിരീട നേട്ടമാണ് ലഭിച്ചത്. കുങ്കിരിപ്പെട്ടി സെന്റ് തോമസ് കത്തീഡ്രൽസൺഡേ സ്കൂൾ 19 പോയിന്റുകളുമായി റണ്ണേഴ്സ് അപ്പ് കിരീടം നേടി. സെന്റ് ജോർജ് തേക്കടി, സെന്റ് ജോർജ് നെറ്റിത്തൊഴു എന്നീ സൺഡേ സ്കൂളുകൾ 16 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. പുറ്റടി സെന്റ് മേരീസ് പള്ളിയിൽ നടന്ന സൺഡേ സ്കൂൾ ഭദ്രാസന കലാമേള ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. കുറിയാക്കോസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം റവ കെ റ്റി ജേക്കബ് കോർ എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ അഖില മലങ്കര ട്രഷറാർ സി.കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സമ്മാന വിതരണത്തിന് ഫാ. കുറിയാക്കോസ് വർഗീസ്, ഫാ.ജേക്കബ് വർഗീസ് എന്നിവർ നേതൃത്വം നൽകി. ഭദ്രാസന കലാ മേളയിലെ വിവിധ മൽസരങ്ങൾക്ക് ഭദ്രാസന സെക്രട്ടറി ജോമോൻ കെ വൈ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ഫിലിപ്പ് കുറിയന്നൂർ, വിനു ജോസഫ് , ജേക്കബ് കുര്യൻ, പി.എസ്. ഏബ്രഹാം, ജില്ലാ സെക്രട്ടറിമാരായ മാണി കുറിയാക്കോസ്, ഷിനു തോമസ്, ജോർജ് ജോസഫ് എന്നിവർ നേതൃത്വം നൽകി. ഇരുന്നൂറോളം കലാപ്രതിഭകൾ ഭദ്രാസന കലാമേളയിൽ പങ്കെടുത്തു.