കുടിശിക നോട്ടീസ് കൊടുക്കാൻ പോയി വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ ഫോണിൽ പകർത്തി; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
കുടിശിക നോട്ടീസ് കൊടുക്കാൻ പോയ യൂത്ത് കോൺഗ്രസ് നേതാവ് വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവായ സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ജൂനിയര്‍ ക്ലര്‍ക്ക് കൈവേലിക്കല്‍ സ്വദേശി ഷിജിന്റെ പേരിലാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.
വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. കുടിശിക നിവാരണത്തിന്റെ ഭാഗമായി ജാമ്യക്കാരനായ ഭർത്താവിന് നോട്ടീസ് നൽകാൻ എത്തിയതായിരുന്നു കൂത്തുപറമ്പ് അർബൻ ബാങ്കിലെ പ്യൂണും ജൂനിയർ ക്ലർക്കും. ഭർത്താവ് സ്ഥലത്തില്ലാത്തതിനാൽ വീട്ടമ്മയായിരുന്നു നോട്ടീസ് കൈപ്പറ്റിയിരുന്നത്. ഇതിനിടെ ഷിജിൻ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നുവെന്നാണ് പരാതി. ക്യാമറ ഓണാക്കി വച്ചത് ശ്രദ്ധയിൽപ്പെട്ട മകൾ ബഹളം വെച്ചതിനെതുടർന്ന് ജീവനക്കാരൻ മൊബൈൽ ഫോൺ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ യൂത്ത് കോൺഗ്രസ് നേതാവായ ഷിജിൻ മുങ്ങി.